കര്‍ണാടകത്തിലെ വിമത എംഎല്‍എമാരെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ല: കോണ്‍ഗ്രസ്

Posted on: July 24, 2019 5:44 pm | Last updated: July 25, 2019 at 4:12 am

ബംഗളൂരു: എന്തു സംഭവിച്ചാലും കര്‍ണാടകത്തിലെ വിമത എംഎല്‍എമാരെ തിരിച്ചെടുക്കുന്ന പ്രശ്‌നമില്ലെന്ന് കര്‍ണാടക കോണ്‍ഗ്രസ് പ്രസിഡന്റ് ദിനേശ ഗുണ്ടറാവു. ബംഗളുരുവില്‍ കെ പി സി സി ആസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറത്തുപോയവര്‍ പുറത്തു തന്നെയാണ്. അവരെ ഒരു കാരണത്താലും തിരിച്ചെടുക്കില്ല. പണാധിപത്യത്തിന് മുന്നില്‍ ജനാധിപത്യം അടിയറവ് പറയുന്നതാണ് കര്‍ണാടകയില്‍ കണ്ടത്. വിമത എംഎല്‍എമാരെ നിര്‍ബന്ധമായും അയോഗ്യരാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ജെഡിഎസുമായുള്ള സഖ്യം തുടരുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്‍ഡ് ആണ്. ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും തങ്ങള്‍ അംഗീകരിക്കുമെന്നും ദിനേശ് ഗുണ്ടറാവു വ്യക്തമാക്കി.

കെപിസിസി ആസ്ഥാനത്ത് ചേർന്ന കോൺഗ്രസ് നേതാക്കളുടെയും എംഎൽഎമാരുടെയും യോഗം നിലവിലെ സ്ഥിതിഗതികൾ വിശദമായി ചർച്ച ചെയ്തു. വിമത എംഎൽഎമാരെ ഒരു കാരണത്താലും പാർട്ടിയിൽ തിരിച്ചെടുക്കരുതെന്ന കാര്യത്തിൽ യോഗം ഒറ്റക്കെട്ടായാണ് നിലപാട് സ്വീകരിച്ചത്. അവരെ അയോഗ്യരാക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ് മുഖ്യമന്ത്രി സിദ്ദരാമയ്യ, മുൻ ഉപമുഖ്യമന്ത്രി ജി പരമേശ്വര, മുൻ മന്ത്രി ഡി കെ ശിവകുമാർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.