ശാസ്ത്രജ്ഞര്‍ക്ക് സല്യൂട്ട്; ചരിത്ര യാത്രക്കു തുടക്കം

Posted on: July 22, 2019 12:01 pm | Last updated: July 22, 2019 at 7:17 pm

ബംഗളൂരു: ഇന്ത്യയുടെ അഭിമാന പദ്ധതിയായ ചാന്ദ്രയാന്‍-2 ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് കുതിച്ചുയര്‍ന്നു. ഉച്ചക്ക് 2.43 ന് ആയിരുന്നു വിക്ഷേപണം. സ്റ്റോപ്പ് ഓണ്‍ റോക്കറ്റുകള്‍ വേര്‍പെട്ടു. ദ്രവ ഇന്ധന ഘട്ടം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്. ചാന്ദ്രയാന്‍ രണ്ട് ചന്ദ്രനിലെത്താന്‍ 48 ദിവസം കാത്തിരിക്കണം. വിക്ഷേപണത്തിന് മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് 6.43ന് തുടങ്ങിയിരുന്നു. വിക്ഷേപണം വിജയകരമാക്കിയ ശാസ്ത്രജ്ഞന്മാരെ രാഷ്ട്രപതിയും പ്രധാന മന്ത്രിയും അഭിനന്ദിച്ചു.

പ്രതീക്ഷിച്ചതിനെക്കാള്‍ വലിയ വിജയമാണ് വിക്ഷേപണത്തില്‍ കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ഐ എസ് ആര്‍ ഒ ചെയര്‍മാന്‍ ഡോ. കെ ശിവന്‍ പറഞ്ഞു. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന്മാരെ അഭിവാദ്യം ചെയ്യുന്നു. ചാന്ദ്രയാന്‍ രണ്ടില്‍ നിന്നുള്ള ആദ്യ സിഗ്നല്‍ ഭൂമിയിലെത്തിക്കഴിഞ്ഞു. എന്‍ജിന്റെ പ്രവര്‍ത്തനം എല്ലാ ഘട്ടത്തിലും കൃത്യമായി നടന്നു. രാജ്യം ചരിത്ര നേട്ടം കൈവരിച്ചിരിക്കുകയാണ്.

ചന്ദ്രനെ വലംവെക്കുന്ന ഓര്‍ബിറ്റര്‍, ചന്ദ്രനില്‍ ഇറങ്ങാന്‍ ഉള്ള ലാന്‍ഡര്‍, ഉപരിതലത്തില്‍ പര്യവേക്ഷണം നടത്താനുള്ള റോബര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പേടകം. സുരക്ഷിതമായി ചന്ദ്രനില്‍ ഇറക്കിയാല്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ചൈന, എന്നീ രാജ്യങ്ങളാണ് ഈ നേട്ടം കൈവരിച്ചത്.

സെപ്തംബര്‍ ആറിന് തന്നെ ചന്ദ്രനില്‍ ഇറങ്ങുന്നതിന് യാത്രാ പദ്ധതിയില്‍ അടക്കം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. നേരത്തെ 28 ദിവസം വലംവച്ച ശേഷം ലാന്‍ഡറിനെ ചന്ദ്രനില്‍ ഇറക്കാന്‍ ആയിരുന്നു തീരുമാനം. ചന്ദ്രനെ ചുറ്റുന്നത് 13 ദിവസമായും കുറച്ചിട്ടുണ്ട്.

നേരത്തെ ജൂലൈ 13 നാണ് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ സാങ്കേതിക തകരാറിനെത്തുടര്‍ന്ന് അവസാന നിമിഷം വിക്ഷേപണ പദ്ധതി മാറ്റുകയായിരുന്നു.