നെഹ്‌റു കുടുംബം കോണ്‍ഗ്രസിനെ നയിക്കണം; ഇല്ലെങ്കില്‍ പാര്‍ട്ടി പിളരും- നട്‌വര്‍സിംഗ്

Posted on: July 22, 2019 10:12 am | Last updated: July 22, 2019 at 12:05 pm

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി രാജിവെച്ച എ ഐ സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് നെഹ്‌റു കുടുംബത്തിലുള്ളവര്‍ തന്നെ വരണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ നട്‌വര്‍സിംഗ്. നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ളയാള്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വന്നാല്‍ കോണ്‍ഗ്രസ് പിളരാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ഏറ്റവും അനുയോജ്യയായ വ്യക്തിയാണ് പ്രിയങ്ക ഗാന്ധി. അവര്‍ക്ക് പാര്‍ട്ടിയെ നയിക്കാന്‍ കഴിയുമെന്നാണ് സോന്‍ഭദ്ര സംഭവത്തില്‍ നടത്തിയ ഇടപെടല്‍ തെളിയിക്കുന്നത്. ഉത്തര്‍പ്രദേശിലെ ആ ഗ്രാമത്തില്‍ പ്രിയങ്ക എന്താണ് ചെയ്തതെന്ന് നമ്മള്‍ കണ്ടതാണ്. അവര്‍ അവിടെ തന്നെ നിലയുറപ്പിക്കുകയും എന്താണോ നേടേണ്ടത് അത് നേടുകയും ചെയ്തു. അതിശയിപ്പിക്കുന്ന ഇടപെടലായിരുന്നു അത്.
നെഹ്‌റു കുടുംബത്തിന് പുറത്തുനിന്നുള്ളയാളെ തിരഞ്ഞെടുക്കണമെന്ന രാഹുലിന്റെ തീരുമാനം പുന:പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.