‘ഭദ്രം’ പദ്ധതി അടുത്ത മാസം മുതൽ വിദ്യാലയങ്ങളിൽ

Posted on: July 22, 2019 5:45 am | Last updated: September 20, 2019 at 8:06 pm


മലപ്പുറം: കുട്ടികൾക്കെതിരെ വർധിച്ചു വരുന്ന അതിക്രമങ്ങൾ തടയുന്നതിനായി വനിതാ ശിശു വകുപ്പിന്റെ ‘ഭദ്രം പദ്ധതി’ അടുത്ത മാസം മുതൽ സ്‌കൂളുകളിൽ നടപ്പാക്കാനൊരുങ്ങുന്നു. ആദ്യ ഘട്ടത്തിൽ ഹയർ സെക്കൻഡറി തലത്തിലാണ് പദ്ധതി നടപ്പാക്കാൻ ലക്ഷ്യമിടുന്നത്. ഒരോ ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത 50 സ്‌കൂളുകളിലാണ് പരീക്ഷണാടിസ്ഥനത്തിൽ പദ്ധതി നടപ്പാക്കുന്നത്. സ്‌കൂൾ വിദ്യാർഥികൾ, രക്ഷിതാക്കൾ, സ്‌കൂളിലെ ജീവനക്കാർ എന്നിവർക്ക് കുട്ടികളുടെ അവകാശങ്ങളെപ്പറ്റിയും പോക്‌സോ ആക്ടിനെപ്പറ്റിയും അവബോധം നൽകുന്നതാണ് ഭദ്രം പദ്ധതി. കഴിഞ്ഞ ഡിസംബറിലാണ് പദ്ധതിക്ക് ഭരണാനുമതി നൽകിയത്. ഇതിന് വേണ്ടി 72.80 ലക്ഷം രൂപയും വെച്ചിരുന്നു. പിന്നീട് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനെ തുടർന്നാണ് പദ്ധതി വൈകാൻ ഇടയാക്കിയത്.

കുട്ടികൾക്കെതിരെയുള്ള ചൂഷണം ദൈനംദിനം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ വകുപ്പിന്റെയും വിവിധ സ്‌കൂൾ മാനേജ്‌മെന്റുകളുടെയും സഹകരണത്തോടെ സ്‌കൂൾ കുട്ടികൾക്ക് ജുവനൈൽ ജസ്റ്റിസ് ആക്ട്, പോക്‌സോ ആക്ട് എന്നിവ സംബന്ധിച്ച അവബോധം സൃഷ്ടിക്കുക എന്നതാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി കുട്ടികളുമായി ബന്ധപ്പെട്ട നിയമങ്ങളുടെ കൈപ്പുസ്തകം തയ്യാറാക്കി വിതരണം ചെയ്യുന്നുണ്ട്.

വിവിധതരം ചൂഷണങ്ങൾക്ക് ഇരയാകുന്ന കുട്ടികൾ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും ഇത്തരം കുട്ടികൾക്ക് രക്ഷാകർത്താക്കളും അധ്യാപകരും നൽകേണ്ട പരിഗണനയുടെയും ആവശ്യകത വ്യക്തമാക്കി നൽകുക, സംസ്ഥാനം കൂടുതൽ ശിശു സൗഹൃദമാക്കുക, ഐ സി പി എസ് മുഖേന കുട്ടികൾക്ക് വേണ്ടി നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് അറിവ് നൽകുക, ലഹരിയുടെ ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് കുട്ടികളെ ബോധവത്കരിക്കുക എന്നിവയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ജില്ലാ ചെൽഡ് പ്രൊട്ടക്‌ഷൻ ഓഫീസറുടെ കീഴിലാണ് സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പദ്ധതി നടപ്പാക്കുന്നത്.