Connect with us

Kerala

കൊച്ചി മെട്രോ: പുതിയ പാതയിലൂടെ പരീക്ഷണ ഓട്ടം ആരംഭിച്ചു

Published

|

Last Updated

കൊച്ചി: രണ്ടാം ഘട്ടത്തിലേക്കുള്ള കുതിപ്പിന് മുന്നോടിയായി കൊച്ചി മെട്രോ പുതിയ പാതയിലൂടെ പരീക്ഷണ ഓട്ടം ആരംഭിച്ചു. മഹാരാജാസ് സ്റ്റേഡിയം സ്റ്റേഷൻ മുതൽ തൈക്കൂടം മെട്രോ സ്റ്റേഷൻ വരെയുള്ള പാതയിലാണ് പരീക്ഷ ഓട്ടം നടത്തുന്നത്.

ഇന്നലെ രാവിലെ 6.30ന് മഹാരാജാസ് സ്റ്റേഷനിൽ നിന്നാണ് പരീക്ഷണ ഓട്ടം തുടങ്ങിയത്. 1.3 കിലോമീറ്റർ ഓട്ടം പൂർത്തിയാക്കിയ െട്രയിൻ സൗത്ത് റെയിൽവേ ലൈനുകൾക്ക് മുകളിലുള്ള ക്യാൻഡി ലിവർ പാലത്തിൽ നിർത്തിയിട്ടിരിക്കുകയാണ്.

24 മണിക്കൂർ പാലത്തിന് മുകളിൽ മെട്രോ നിർത്തിയിടും. ഇന്ത്യയിൽ ആദ്യമായി നിർമിച്ചിരിക്കുന്ന ക്യാൻഡി ലിവർ പാലത്തിന്റെ ബലം പരീക്ഷിക്കാനായിട്ടാണ് മൊട്രോ ഇവിടെ നിർത്തിയിട്ടിരിക്കുന്നത്. റെയിൽവേ ലൈനുകൾക്കു മുകളിലൂടെ പാലം വളഞ്ഞാണ് നിർമിച്ചിരിക്കുന്നത്. റെയിൽവേ ലൈനുകൾക്ക് നടുവിൽ തൂണുകൾ നിർമിക്കാതെയാണ് ക്യാൻഡി ലിവർ പാലത്തിന്റെ നിർമാണം.

രണ്ട് തൂണുകൾക്ക് ഇടയിൽ വെച്ച് പാലം വളയുന്നതാണ് പ്രധാന പ്രത്യേകത. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ മുതൽ കർഷക റോഡ് വരെ റെയിൽവേ ട്രാക്കിന് കുറുകെ 220 മീറ്റർ നീളത്തിലും 16 മീറ്റർ ഉയരത്തിലുമായി 58 കോടി രൂപയാണ് ക്യാൻഡി ലിവർ പാലത്തിന്റെ നിർമാണ ചെലവ്.

റെയിൽവേ പാതക്ക് മുകളിലൂടെ നിർമിച്ചിരിക്കുന്ന 90 മീറ്റർ ഭാഗത്ത് തൂണുകളില്ല. തുരങ്കം പോലെയുള്ള പ്രത്യേക ബോക്സ് ഗർഡറുകളാണ് പാലത്തിന്റെ നിർമാണത്തിന് ഉപയോഗിച്ചത്. മൂന്ന് ദിവസം ക്യാൻഡി ലിവർ പാലത്തിൽ മാത്രം പരീക്ഷണ ഓട്ടവും പരിശോധനയും നടത്തും. ഇന്ന് ഒരു ട്രെയിൻ കൂടി പരീക്ഷണ ഓട്ടത്തിനുണ്ടാവും. തുടർന്ന് രണ്ട് ട്രെയിനുകളും ക്യാൻഡി ലിവർ പാലത്തിൽ നിർത്തിയിടും.

പാലത്തിന്റെയും റെയിലിന്റെയും കാര്യക്ഷമത ഉൾപ്പെടെ പരിശോധിച്ച് ഉറപ്പ് വരുത്താൻ 900 യാത്രക്കാരുടെ ശരാശരി ഭാരത്തിന് സമാനമായ മണൽ ചാക്കുകൾ ട്രെയിനിൽ നിറച്ചിട്ടുണ്ട്.

ഇന്നലെ മണിക്കൂറിൽ അഞ്ച് കി.മീ വേഗതയിലായിരുന്നു പരീക്ഷണ ഓട്ടം. ഘട്ടം ഘട്ടമായി വേഗത വർധിപ്പിച്ചും കൂടുതൽ ദൂരത്തിലേക്കും പരീക്ഷണ ഓട്ടം തുടരുമെന്ന് കെ എം ആർ എൽ അറിയിച്ചു.
കൊച്ചി മെട്രോയിലെയും ഡി എം ആർ സിയിലെയും ഇലക്ട്രിക്കൽ, ടെക്നിക്കൽ വിഭാഗത്തിലെ ഉദ്യോഗസ്ഥർ പരീക്ഷണ ഓട്ടത്തിൽ പങ്കെടുത്തു.

നിലവിൽ ആലുവ മുതൽ മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയാണ് മെട്രോ സർവീസ് നടത്തുന്നത്.
രണ്ടാം ഘട്ട സർവീസിനുള്ള പുതിയ ട്രെയിനുകൾ കഴിഞ്ഞ മാസം ആലുവ യാർഡിലെത്തിയിരുന്നു.

Latest