ഷാര്‍ജ നഗരം ലോകത്ത് ഏറ്റവും സര്‍ഗാത്മകതയുള്ളത്

Posted on: July 21, 2019 6:58 pm | Last updated: July 21, 2019 at 6:58 pm

ഷാര്‍ജ: ഷാര്‍ജ നഗരം ലോകത്ത് ഏറ്റവും സര്‍ഗാത്മകതയുള്ള നഗരമെന്ന് ബി ബി സി. ഈയിടെ നടത്തിയ ഒരു പരമ്പരയിലാണ് മെക്‌സിക്കോ, ബെല്‍ഗ്രേഡ്, ദക്കാര്‍, ബാങ്കോക് എന്നിവക്ക് പുറമെ ഷാര്‍ജ നഗരത്തെയും പുരാതന സംസ്‌കൃതിയുടെ പശ്ചാതലത്തില്‍ മികച്ച സര്‍ഗാത്മകതയിലൂടെ വികസനത്തിലേക്ക് കുതിക്കുന്ന നഗരമെന്ന് വിശേഷിപ്പിച്ചത്. യു എ ഇ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മകള്‍ ശൈഖ ഹൂര്‍ അല്‍ ഖാസിമിയുടെ നേതൃത്വത്തില്‍ ഷാര്‍ജയുടെ പൈതൃക ഇടങ്ങളെ കൂടുതല്‍ മികച്ചതാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെന്ന് ഫീച്ചറില്‍ ചൂണ്ടിക്കാട്ടി.

ഷാര്‍ജ നഗരത്തിലെ ചിരപുരാതന സാംസ്‌കാരിക കേന്ദ്രങ്ങളെ അതേപടി നിലനിര്‍ത്തി ലോകത്തെ മികച്ച രീതിയിലുള്ള വാസ്തു ശില്പ ചാരുതയോടെ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുണ്ടെന്ന് ഫീച്ചര്‍ പങ്കുവെക്കുന്നുണ്ട്. ഇതോടൊപ്പം ലോക ശ്രദ്ധ ഷാര്‍ജയിലേക്കാകര്‍ഷിക്കുന്നതിനായി ഷാര്‍ജ ബിനാലെ, മഴ കാടുകള്‍, വിവിധ ഫിലിം ഫെസ്റ്റിവല്ലുകള്‍ എന്നിവയിലൂടെ ഷാര്‍ജയുടെ പൗരാണികത ലോകത്തിന് മുന്നില്‍ മികച്ച രീതിയില്‍ വരച്ചുകാട്ടുന്നുവെന്നും ബി ബി സി പങ്കുവെക്കുന്നു.

ഷാര്‍ജയിലെ ലോക ശ്രദ്ധ നേടിയ കലാ പ്രവര്‍ത്തനങ്ങള്‍ക്ക് ശൈഖ ഹൂര്‍ അല്‍ ഖാസിമി നേതൃത്വം നല്‍കുന്ന ഷാര്‍ജ ആര്‍ട് ഫൗണ്ടേഷന്‍ ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തുന്നത്. ഈയടുത്ത് പ്രവര്‍ത്തനം ആരംഭിച്ച അല്‍ റാവി ബുക്‌ഷോപ്പ്, റെസ്റ്റോറന്റ് എന്നിവ ഷാര്‍ജയിലെത്തുന്ന കലാകാരന്മാര്‍ക്ക് ഒത്തുകൂടുന്നതിനുള്ള പ്രധാന ഇടമായി മാറിയെന്നും ലോക കലാ ഭൂപടത്തില്‍ ഷാര്‍ജയുടെ സ്ഥാനം സവിശേഷമായ രീതിയില്‍ അടയാളപ്പെടുത്തിയതായും ഫീച്ചര്‍ പരമ്പരയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.