ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറികള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

Posted on: July 21, 2019 10:27 am | Last updated: July 21, 2019 at 10:29 am

തിരൂര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയ പാതയില്‍ കണ്ടെയ്‌നര്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു. തിരൂര്‍ക്കാട് തടത്തില്‍ വളവിനു സമീപത്തായി ശനിയാഴ്ച അര്‍ധരാത്രി 12 മണിയോടെയാണ് അപകടമുണ്ടായത്. ചെന്നൈയിലേക്ക് വാഹനങ്ങള്‍ കയറ്റിപ്പോവുകയായിരുന്ന ലോറിയും ഓണ്‍ലൈന്‍ വ്യാപാര കമ്പനിയിലേക്ക് സാധനങ്ങളുമായി പോവുകയായിരുന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്.

ഓണ്‍ലൈന്‍ വ്യാപാര കമ്പനിയിലേക്കുള്ള ലോറിയുടെ ഡീസല്‍ ടാങ്കില്‍ ഇടിച്ചതാണ് തീപിടിക്കാന്‍ ഇടയാക്കിയത്. ഈ വാഹനത്തില്‍ ഉണ്ടായിരുന്ന സാധനങ്ങളെല്ലാം കത്തിനശിച്ചു. ഇരു വാഹനങ്ങളുടെയും കാബിനും കത്തിയമര്‍ന്നു. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു.

അഗ്നിശമന സേനയുടെ പെരിന്തല്‍മണ്ണ, മലപ്പുറം യൂനിറ്റുകളും ട്രോമാ കെയര്‍ അംഗങ്ങളും പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് ഒരു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ തീ പൂര്‍ണമായി അണച്ചു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയില്‍ പുലര്‍ച്ചെ ആറു വരെ ഗതാഗതം സ്തംഭിച്ചു.