National
തീരുമാനമാകാതെ കര്‍ണാടക; ഗവര്‍ണറുടെ അന്ത്യശാസനം തള്ളി, വിശ്വാസ വോട്ടെടുപ്പ് തിങ്കളാഴ്ച നടന്നേക്കും

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ “നാടകം” തുടരുന്നു. ഇന്ന് വൈകിട്ട് ആറു മണിക്കുള്ളില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന ഗവര്‍ണര്‍ വാജുഭായ് വാലെയുടെ അന്ത്യശാസനവും തള്ളപ്പെട്ടു. ഇതോടെ വിശ്വാസ വോട്ടെടുപ്പ് നടക്കാതെ നിയമസഭ ഇന്നത്തേക്കു പിരിഞ്ഞു. വിശ്വാസ വോട്ടെടുപ്പിനുള്ള നടപടി ക്രമങ്ങള്‍ തിങ്കളാഴ്ച പൂര്‍ത്തിയാക്കണമെന്ന് സ്പീക്കര്‍ കെ ആര്‍ രമേഷ് കുമാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
വിശ്വാസ വോട്ട് നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നതെന്ന പ്രതിപക്ഷ ആരോപണം സ്പീക്കര്‍ നിഷേധിച്ചു. ചട്ടങ്ങളും നടപടിക്രമങ്ങളും അനുസരിച്ചാണ് കാര്യങ്ങള്‍ നീക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. അതിനിടെ, 15 വിമത എം എല്‍ എമാരെ വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിക്കരുതെന്ന ഉത്തരവില്‍ വ്യക്തത തേടി മുഖ്യമന്ത്രി കുമാരസ്വാമിയും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവുവും സുപ്രീം കോടതിയെ സമീപിച്ചു.