മഴ കനത്തു; വിവിധ ജില്ലകളില്‍ റെഡ് അലര്‍ട്ട്, ഡാമുകള്‍ തുറന്നു വിട്ടേക്കുമെന്ന് മുന്നറിയിപ്പ്

Posted on: July 19, 2019 8:38 pm | Last updated: July 19, 2019 at 11:12 pm

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനത്തതോടെ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. ഇന്നു മുതല്‍ ചൊവ്വാഴ്ച വരെ വിവിധ ജില്ലകളില്‍ റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. റെഡ് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ അതിതീവ്ര (24 മണിക്കൂറില്‍ 204 മില്ലിമീറ്ററില്‍ കൂടുതല്‍) മഴക്ക് സാധ്യതയുണ്ട്. തുടര്‍ച്ചയായ ദിവസങ്ങളില്‍ അതിതീവ്ര മഴ പെയ്യുന്ന സാഹചര്യത്തില്‍ വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍ തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ക്ക് സാധ്യത വര്‍ധിക്കും. ഓറഞ്ച് പ്രഖ്യാപിക്കപ്പെട്ട ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായതോ (115 മില്ലിമീറ്റര്‍ വരെ മഴ) അതിശക്തമായതോ (115 മില്ലീമീറ്റര്‍ മുതല്‍ 204.5 മില്ലീമീറ്റര്‍ വരെ മഴ) ആയ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചത്. ജൂലൈ 20ന് കാസര്‍കോട്, 21ന് കോഴിക്കോട്, വയനാട്, 22ന് ഇടുക്കി, കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലൈ 20ന് ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും 21 മലപ്പുറം, കണ്ണൂര്‍, 22ന് കോട്ടയം, മലപ്പുറം, കണ്ണൂര്‍, 23ന് കണ്ണൂര്‍ എന്നിവിടങ്ങളിലും ഓറഞ്ച് അലര്‍ട്ടുണ്ട്.

കോട്ടയം ജില്ലയിലെ മീനച്ചിലാറും മണിമലയാറും കരകവിഞ്ഞു. ഇതേ തുടര്‍ന്ന് പാലാ നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. വെള്ളം പൊങ്ങിയതിനാല്‍ ഇടുക്കിയിലെ പാംബ്ല (ലോവര്‍ പെരിയാര്‍) അണക്കെട്ടിന്റെ ഒരു ഷട്ടര്‍ ഉയര്‍ത്തി. കല്ലാര്‍കുട്ടി, മലങ്കര ഡാമുകള്‍ ഏതു നിമിഷവും തുറന്നുവിടാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ അധികൃതര്‍ മുന്നറിയിപ്പു നല്‍കി.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിക്കാനുമുള്ള നിര്‍ദേശം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നല്‍കിയിട്ടുണ്ട്.