Connect with us

Ongoing News

പി എസ് സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനം: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: പി എസ്. സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണെന്നും യൂനിവേഴ്സിറ്റി കോളേജിലെ പ്രശ്നത്തിന്റെ മറവില്‍ പി എസ് സിയെ ആക്ഷേപിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂനിവേഴ്സിറ്റി കോളേജിലെ സംഭവത്തിനു പിന്നാലെ പി എസ് സിയെ ആകെ ആക്ഷേപിക്കുന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നതെന്നും നവോത്ഥാന മൂല്യസംരക്ഷണ സമിതി യോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

വാര്‍ത്തയിലെ പല കാര്യങ്ങളും തെറ്റാണെന്ന് പിന്നീട് എല്ലാവര്‍ക്കും മനസിലായെന്നും അനേകായിരങ്ങള്‍ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യൂനിവേഴ്സിറ്റി കോളേജ് സംഭവത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ലാഘവത്വം കാണിച്ചിട്ടില്ലെന്നും കര്‍ക്കശ നടപടിയെടുത്തെന്നും പ്രതികളെ അറസ്റ്റ് ചെയ്തുവെന്നും സംഭവത്തില്‍ സര്‍ക്കാര്‍ അലംഭാവം കാണിച്ചുവെന്ന പരാതി ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.

കഴിഞ്ഞ ദിവസം നടന്ന പോലീസ് യോഗത്തില്‍ പോലീസുകാര്‍ ആര്‍ എസ് എസിന്റെ ഒറ്റുകാരാണെന്ന് അഭിപ്രായപ്പെട്ടുവെന്നതരത്തില്‍ വന്ന വാര്‍ത്തയോട് മുഖ്യമന്ത്രി പ്രതികരിച്ചു. ഇത് ശുദ്ധകളവാണെന്നും പോലീസിന്റെ പ്രവര്‍ത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയില്‍ ചൂണ്ടിക്കാട്ടുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെല്ലാം ശരിയാകണമെന്നില്ലെന്നും ചില മാധ്യമ വാര്‍ത്തകളുടെ പിന്നാലെ പോയാല്‍ വിഷമത്തിലാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.