Kerala
ന്യൂനപക്ഷ വേട്ടക്ക് വഴിയൊരുക്കുന്ന ബില്ലിന് പിന്തുണ; കോൺഗ്രസും ലീഗും പ്രതിരോധത്തിൽ

തിരുവനന്തപുരം: രാജ്യദ്രോഹക്കുറ്റവും മറ്റും ആരോപിച്ച് ന്യൂനപക്ഷങ്ങളെ വേട്ടയാടാൻ ഭരണകൂടത്തിന് സൗകര്യമൊരുക്കുന്ന ബില്ലിനെ പാർലിമെന്റിൽ പിന്തുണച്ച് വോട്ട് ചെയ്തത് വിവാദമായതോടെ കോൺഗ്രസും ലീഗും പ്രതിരോധത്തിലായി.
ദേശീയ അന്വേഷണ ഏജൻസിക്ക് കൂടുതൽ അധികാരം നൽകുന്നതിനായി ആഭ്യന്തര മന്ത്രി അമിത്ഷാ കൊണ്ടുവന്ന ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തതാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുന്നത്. ആറിനെതിരെ 278 വോട്ടുകൾക്ക് പാസ്സായ ബില്ലിനെതിരെ കേരളത്തിൽ നിന്നുള്ള എം പിമാരിൽ നിന്ന് സി പി എം പ്രതിനിധി എ എം ആരിഫ് മാത്രമാണ് എതിർത്ത് വോട്ട് ചെയ്തത്.
എന്നാൽ രാജ്യദ്രോഹക്കുറ്റം ഇല്ലാതാക്കുമെന്നും കരിനിയമങ്ങൾ പരിഷ്‌കരിക്കുമെന്നും പ്രകടന പത്രികയിലൂടെ പരസ്യ നിലപാടെടുത്ത കോൺഗ്രസ് പരസ്യമായി ബില്ലിനെ പിന്തുണച്ചപ്പോൾ ന്യൂനപക്ഷ സംരക്ഷണം പ്രധാന വിഷയമായി ഉന്നയിക്കുന്ന മുസ്‌ലിം ലീഗിന്റെ എം പിമാർ ബില്ലിനെ എതിർത്തെങ്കിലും വോട്ട് ചെയ്യാതെ ബഹിഷ്‌കരിച്ചു. വോട്ട് ബഹിഷ്‌കരണത്തിലൂടെ തങ്ങൾ ബില്ലിനെ എതിർത്തെന്ന് വരുത്തിത്തീർക്കാനാണ് മുസ്‌ലിം ലീഗ് ശ്രമിച്ചത്. ലീഗിന്റെ ഇതേ രീതിയാണ് ബി എസ് പിയും, ഡി എം കെയും എസ് പിയും ആർ എസ് പിയും സ്വീകരിച്ചത്.
പൗരന്റെ വ്യക്തിസ്വാതന്ത്ര്യവും അന്തസ്സും ഹനിക്കുന്ന നിയമങ്ങൾ റദ്ദാക്കുകയോ പരിഷ്‌കരിക്കുകയോ ചെയ്യുമെന്നായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രകടന പത്രികയിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരുന്നത്. പൗരനെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമടക്കമുള്ള അന്വേഷണ ഏജൻസികളുടെ സ്വതന്ത്രാധികാരങ്ങൾ സി ആർ പി സി നിയമത്തിനും ഇന്ത്യൻ തെളിവ് നിയമത്തിനും അധിഷ്ഠിതമാക്കി നിയന്ത്രിക്കും, ഇവയിലൂടെ അനധികൃത തടവ് ഇല്ലാതെയാക്കും തുടങ്ങിയ വാഗ്ദാനങ്ങളും പ്രകടന പത്രികയിൽ കോൺഗ്രസ് നൽകിയിരുന്നു. എന്നാൽ ഇതിന് കടക വിരുദ്ധമായ നിലപാടാണ് എൻ ഐ എക്ക് കൂടുതൽ അധികാരം നൽകുന്ന ബില്ലിനെ ലോക്‌സഭയിൽ പിന്തുണച്ചതിലൂടെ കോൺഗ്രസ് ചെയ്തിരിക്കുന്നത്.
അമിത്ഷായുടെ ഭീകരവാദ പ്രോത്സാഹനമെന്ന തന്ത്രത്തിൽ കുരുങ്ങിയാണ് കോൺഗ്രസ് ബില്ലിനെ പിന്തുണച്ചതെന്ന് വ്യക്തമാണ്. ബിൽ അവതരിപ്പിച്ച അമിത്ഷാ ബില്ലിലുള്ള വോട്ടിംഗ് കഴിയുമ്പോൾ ഭീകരവാദത്തെ പിന്തുണക്കുന്നവരും എതിർക്കുന്നവരും ആരെന്ന് വ്യക്തമാകുമെന്ന് സഭയിൽ പറഞ്ഞിരുന്നു.
ഇതേതുടർന്ന് ബില്ലിനെ എതിർത്താൽ ഭീകരവാദത്തെ സഹായിക്കുന്നവരെന്ന ആക്ഷേപം ഉയരുമെന്ന് പേടിച്ചാണ് ന്യൂനപക്ഷ വിഭാഗത്തെ വേട്ടയാടാനുള്ള അമിത്ഷായുടെ ബില്ലിന് അനുകൂലമായി കോൺഗ്രസ് ഒപ്പ് ചാർത്തിയത്.
എന്നാൽ പാർലിമെന്റിൽ പ്രാദേശികമായി ചിന്തിക്കരുതെന്നും ദേശീയമായി ചിന്തിക്കണമെന്നുമാണ് കോൺഗ്രസ് ലോക്‌സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി വോട്ട് ചെയ്ത നടപടിയെ ന്യായീകരിച്ച് പ്രതികരിച്ചത്. അതേസമയം, ഫാസിസത്തിനെതിരായ യുദ്ധവും ന്യൂനപക്ഷ സംരക്ഷണവും പ്രധാന അവകാശവാദമായി ഉന്നയിക്കുന്ന മുസ്‌ലിം ലീഗ് എതിർത്ത് വോട്ട് ചെയ്യാതെ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോകുകയായിരുന്നു.
ന്യൂനപക്ഷ വേട്ടക്കെതിരായി വോട്ട് വിനിയോഗിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിയ മുസ്‌ലിം ലീഗ് തങ്ങൾ ബില്ലിനെ എതിർത്തിട്ടുണ്ടെന്നും പ്രതിഷേധത്തിന്റെ മറ്റൊരു രീതിയാണ് ബഹിഷ്‌കരണമെന്നുമുള്ള ന്യായീകരണമാണ് നൽകിയത്. എന്നാൽ ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാനുള്ള പരിമിതി എന്താണെന്ന് ലീഗ് അംഗങ്ങൾ വിശദീകരിച്ചിട്ടില്ല.