ബാബ്‌രി കേസ്: തുടര്‍ വാദം കേള്‍ക്കല്‍ ആഗസ്റ്റ് രണ്ടിന്, മധ്യസ്ഥ സമിതി റിപ്പോര്‍ട്ട് ജൂലൈ 31ന് സമര്‍പ്പിക്കണം: സുപ്രീം കോടതി

Posted on: July 18, 2019 12:58 pm | Last updated: July 19, 2019 at 10:00 am

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് കേസില്‍ മധ്യസ്ഥ സമിതിയുടെ അന്തിമ റിപ്പോര്‍ട്ട് ജൂലൈ 31ന് നല്‍കണമെന്ന് സുപ്രീം കോടതി. മൂന്നംഗ മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് പരിഗണിച്ച ശേഷം ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഉത്തരവ് പുറപ്പെടു വിച്ചത്. ഇടക്കാല റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം വെളിപ്പെടുത്താനാകില്ലെന്നും കേസില്‍ തുടര്‍ വാദം കേള്‍ക്കല്‍ ആഗസ്റ്റ് രണ്ടു മുതല്‍ തുറന്ന കോടതിയില്‍ നടത്തുമെന്നും പരമോന്നത കോടതി വ്യക്തമാക്കി. മധ്യസ്ഥ നടപടികള്‍ ജൂലൈ 31 വരെ തുടരും.

ജുലൈ 11ന് സുപ്രീം കോടതി ആവശ്യപ്പെട്ട പ്രകാരമാണ് മധ്യസ്ഥ സമിതി ഇന്ന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. മധ്യസ്ഥ നടപടികള്‍ അവസാനിപ്പിക്കണമെന്നും കേസില്‍ ദിവസേനയെന്നോണം വാദം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ള ഒരു കൂട്ടം ഹരജികള്‍ പരിഗണിക്കവെയായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സുപ്രീം കോടതി മുന്‍ ജഡ്ജി, എഫ് എം ഐ ഖലീഫുല്ല, ആര്‍ട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്‍ സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍, മുതിര്‍ന്ന അഭിഭാഷകന്‍ ശ്രീറാം പാഞ്ചു എന്നിവരാണ് മധ്യസ്ഥ സമിതി അംഗങ്ങള്‍.