നസീം തന്നെ പിടിച്ചുവെച്ചു;ശിവരഞ്ജിത്ത് കുത്തിയെന്ന് അഖിലിന്റെ മൊഴി

Posted on: July 17, 2019 2:18 pm | Last updated: July 17, 2019 at 9:03 pm

തിരുവനന്തപുരത്ത്: തന്നെ കുത്തിയത് ശിവരഞ്ജിത്തെന്ന് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ഥി അഖില്‍ . ശിവരഞ്ജിത്തിന് കുത്താനായി നസീം തന്നെ പിടിച്ചു വച്ചുവെന്നും പോലീസിന് നല്‍കിയ മൊഴിയില്‍ അഖില്‍ പറയുന്നുണ്ട്. പാട്ട് പാടരുതെന്നും  ക്ലാസില്‍ പോകണമെന്നും ഇവര്‍ തന്നോട് പറഞ്ഞു. ഇത് അനുസരിക്കാത്തതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ്ടായത്. യൂണിറ്റ് കമ്മറ്റിയുടെ ധാര്‍ഷ്ട്യം അനുസരിക്കാത്തതില്‍ വിരോധമുണ്ടായിരുന്നുവെന്നും മൊഴിയില്‍ തുടര്‍ന്ന് പറയുന്നു.

കുത്തേറ്റ അഖില്‍ ആരോഗ്യ സ്ഥിതി വീണ്ടെടുത്തതിനെത്തുടര്‍ന്നാണ് പോലീസ് ഇന്ന് ആശുപത്രിയിലെത്തി മൊഴിയെടുത്തത്. സംഭവം സംബന്ധിച്ച് പിതാവിനോടും ഡോക്ടറോടും പറഞ്ഞ അതേ കാര്യങ്ങള്‍ തന്നെയാണ് അഖില്‍ ഇന്ന് പോലീസിനോടും പറഞ്ഞിരിക്കുന്നത്. അഖില്‍ വളരെ വ്യക്തമായാണ് മൊഴി നല്‍കിയിരിക്കുന്നതെന്നും ഇതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും പോലീസ് പറഞ്ഞു.