Connect with us

Editorial

പ്രതിമകൾ വേണോ സ്മരിക്കപ്പെടാൻ ?

Published

|

Last Updated

“മരിക്കുന്നവർക്കെല്ലാം സ്മാരകം പണിയുന്നത് ഉചിതമോ?” കേരള ഹൈക്കോടതിയുടെതാണ് ചോദ്യം. എറണാകുളം മഹാരാജാസ് കോളജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ പ്രതിമ സ്ഥാപിക്കുന്നത് സംബന്ധിച്ച കേസിലാണ് കോടതിയുടെ പരാമർശം. മരിച്ചുപോയവർക്കെല്ലാം സ്മാരകം വേണമെന്ന നിലപാട് ശരിയല്ലെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. കോളജ് ക്യാമ്പസിൽ അഭിമന്യുവിന്റെ പ്രതിമ സ്ഥാപിച്ചത് അനധികൃതമായാണെന്ന് സംസ്ഥാന സർക്കാർ കോടതിയിൽ ബോധിപ്പിച്ചിട്ടുമുണ്ട്.
ചരിത്രത്തിൽ ഇടംപിടിച്ച രാഷ്ട്ര ശിൽപ്പികളുടെയും കലാകായിക രംഗത്ത് അതിപ്രശസ്തരായ വ്യക്തികളുടെയും സ്മാരക പ്രതിമകളായിരുന്നു മുൻകാലങ്ങളിൽ സ്ഥാപിച്ചിരുന്നത്. രാഷ്ട്രത്തിനും വിവിധ മേഖലകൾക്കും അവർ നൽകിയ സംഭാവനകൾ കണക്കിലെടുത്തായിരുന്നു ഇത്. ഇന്ന് പക്ഷേ സ്മാരകം സ്ഥാപിക്കുന്നതിനും പ്രതിമാ നിർമാണത്തിനും യാതൊരു മാനദണ്ഡവുമില്ല. പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും, നാടിനോ ജനങ്ങൾക്കോ യാതൊരു സംഭാവനയും നൽകാത്തവരുടെയും ജനാധിപത്യ, മതേതര മൂല്യങ്ങളെ അവഹേളിച്ചവരുടെ പോലും പ്രതിമകൾ അതും പൊതുസ്ഥലങ്ങൾ കൈയേറി സ്ഥാപിക്കാമെന്നായിരിക്കുന്നു. പലപ്പോഴും ഇത് കക്ഷിരാഷ്ട്രീയ മത്സരത്തിന്റെ ഭാഗമായി മാറുകയും സംഘർഷങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. കോടതി പരാമർശത്തിന്റെ പശ്ചാത്തലം ഇതായിരിക്കണം.

കഴിഞ്ഞ വർഷം തൃശൂർ പാമ്പാടിയിൽ എസ് എഫ് ഐ പൊതുസ്ഥലത്ത് സ്ഥാപിച്ച ജിഷ്ണു പ്രണോയ് സ്മാരകവുമായി ബന്ധപ്പെട്ട് സി പി ഐ യും സി പി എമ്മും തമ്മിൽ തർക്കം ഉടലെടുക്കുകയും സ്മാരകം പൊളിച്ചു മാറ്റാൻ ജില്ലാ ഭരണകൂടം തീരുമാനിക്കുകയും ചെയ്തിരുന്നു. സ്മാരകം നിർമിച്ചത് എ ഐ ടി യു സി ഓഫീസിനരികിലായതിനാൽ ഓഫീസ് പ്രവർത്തനത്തിന് ഇത് പ്രയാസം സൃഷ്ടിക്കുന്നുവെന്നു കാണിച്ച് സി പി ഐ പ്രാദേശിക നേതൃത്വം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അഡീഷനൽ സബ് മജിസ്‌ട്രേറ്റ് സ്മാരകം പൊളിക്കാൻ ഉത്തരവിട്ടത്. സ്മാരകം ഓഫീസിന്റെ ഒരു ഭാഗത്താണെന്നും പ്രവർത്തനത്തിന് തടസ്സമല്ലെന്നും വ്യക്തമായതോടെ പിന്നീട് ഇരുവിഭാഗവും ഒത്തുതീർപ്പിലെത്തുകയും പൊളിക്കേണ്ടതില്ലെന്ന് ധാരണയാവുകയും ചെയ്തു. പശ്ചിമ ബംഗാളിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഈശ്വർ ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ തകർക്കപ്പെട്ടതിനെ ചൊല്ലി തൃണമൂൽ കോൺഗ്രസും ബി ജെ പിയും തമ്മിൽ കടുത്ത സംഘർഷം ഉടലെടുക്കുകയും അത് വ്യാപകമായ അക്രമങ്ങൾക്ക് വഴിമരുന്നിടുകയും ചെയ്തിരുന്നു.

പ്രതിമ സ്ഥാപിക്കുന്നതിലല്ലാതെ അത് സംരക്ഷിക്കുന്നതിൽ സ്ഥാപകർ തന്നെ ശ്രദ്ധ കാണിക്കാറില്ല. പക്ഷികളുടെ വിസർജ്യം ഏറ്റുവാങ്ങിയും പൊടിപടലം നിറഞ്ഞും അവഗണനയുടെ വെയിലേറ്റ് നശിക്കുകയാണ് രാജ്യത്തിന്റെ പല ഭാഗത്തും സ്ഥാപിച്ച രാഷ്ട്ര ശിൽപ്പി മഹാത്മാഗാന്ധിയുടെ പോലും പ്രതിമകൾ. ചരമദിനത്തിലെ അനുസ്മരണത്തിലും പുഷ്പാർച്ചനയിലും ഒതുങ്ങുകയാണ് അവരോടുള്ള അനുയായികളുടെ പ്രതിപത്തി. പൊതുസ്ഥലത്ത് സ്ഥാപിച്ച ചില പ്രതിമകൾ വാഹനഗതാഗതത്തിനു തടസ്സം സൃഷ്ടിക്കാറുമുണ്ട്. പാലക്കാട് എസ് ബി ഐ ജംഗ്ഷന് സമീപമുള്ള നഗരസഭയുടെ സ്ഥലത്ത് സ്ഥാപിച്ച സാഹിത്യകാരൻ ഒ വി വിജയന്റെ പ്രതിമ നഗരത്തിലെ വാഹനഗതാഗതത്തിന് തടസ്സങ്ങൾ സൃഷ്ടിക്കുന്നു എന്ന പരാതിയിൽ മുൻസിഫ് കോടതി വിധിയെ തുടർന്നു ഈ വർഷാദ്യത്തിൽ പൊളിച്ചു നീക്കുകയുണ്ടായി.

രാജ്യത്ത് പ്രതിമാ സംസ്‌കാരം വളർന്നു രാഷ്ട്രീയ നേതാക്കൾ ഭരണസ്വാധീനമുപയോഗിച്ചു പൊതുഖജനാവിൽ നിന്ന് ശതകോടികൾ ദുർവ്യയം ചെയ്തു സ്വന്തം പ്രതിമകൾ സ്ഥാപിക്കുന്ന അവസ്ഥയിലെത്തിയിട്ടുണ്ട്. ഉത്തർപ്രദേശിൽ ബി എസ് പിയുടെ ഭരണ കാലത്ത് പാർട്ടി നേതാവ് മായാവതി പൊതുഖജനാവിൽ നിന്ന് 2,600 കോടി രൂപ ധൂർത്തടിച്ചാണ് നോയ്ഡയിലും, ലക്നോവിലും തന്റെ സ്വന്തം പ്രതിമയും പാർട്ടി ചിഹ്നമായ ആനയുടെ പ്രതിമകളും സ്ഥാപിച്ചത്. ഈ പണം പൊതുഖജനാവിലേക്ക് തിരിച്ചടക്കാൻ പിന്നീട് സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിക്കുകയുണ്ടായി.

എക്കാലത്തും സ്മരിക്കപ്പെടണമെന്ന ലക്ഷ്യത്തോടെയാണല്ലോ പ്രമുഖരുടെ പ്രതിമകൾ സ്ഥാപിക്കപ്പെടുന്നത്. എന്നാൽ നേതാക്കൾ സ്മരിക്കപ്പെടേണ്ടത് പ്രതിമകളിലൂടെയല്ല, അവർ ചെയ്ത നല്ല പ്രവർത്തനങ്ങളിലൂടെയാണ്. പ്രതിമകൾ ഒരാവേശത്തിൽ സാഘോഷം സ്ഥാപിക്കപ്പെടുകയല്ലാതെ പിന്നീട് പലരും ആ ഭാഗത്തേക്ക് തിരിഞ്ഞു നോക്കാറില്ല. മഹദ് വ്യക്തികളുടെ മഹത്തരങ്ങൾ സമൂഹത്തിന്റെ മനസ്സിൽ കടന്നു വരാൻ അവരുടെ പ്രതിമകൾ സഹായകവുമല്ല. അതേസമയം സാമൂഹിക പരിഷ്‌കരണത്തിന് നേതൃത്വം നൽകിയ, ലോകത്തിനോ സമൂഹത്തിനോ നന്മകൾ ചെയ്ത വ്യക്തികൾ പ്രതിമകൾ ഇല്ലാതെ തന്നെ എക്കാലവും സ്മരിക്കപ്പെടും. പ്രവാചകൻ മുഹമ്മദ് നബി(സ)ക്ക് ലോകത്തെവിടെയും ഒരു പ്രതിമ പോലുമില്ല. എങ്കിലും ലോകം ഇന്നേറ്റവും സ്മരിക്കുന്ന മഹദ് വ്യക്തിത്വം മുഹമ്മദ് നബി (സ) യാണ്. ഗാന്ധിജിയും അബ്രഹാം ലിങ്കനുമൊന്നും സ്മരിക്കപ്പെടുന്നത് അവരുടെ പേരിൽ സ്ഥാപിച്ച പ്രതിമകളുടെ പേരിലല്ല. രാഷ്ട്രത്തിനും ജനതക്കും അവർ ചെയ്ത സേവനങ്ങളുടെയും ത്യാഗങ്ങളുടെയും പേരിലാണ്. പ്രളയത്തിൽ അകപ്പെട്ട കേരളത്തിന് യു എ ഇ വൻ തുക വാഗ്ദാനം ചെയ്തപ്പോൾ അവിടുത്തെ ഭരണാധികാരികൾക്ക് നന്ദി രേഖപ്പെടുത്തിക്കൊണ്ട് സിനിമാ സംവിധായകൻ എം എ നിഷാദ് തന്റെ ഫേസ്ബുക്കിൽ കുറിച്ച ചില വരികളാണ് ഇത്തരത്തിൽ ഓർമ വരുന്നത് “”കോടികൾ ചെലവാക്കി നിങ്ങളുടെ പ്രതിമകൾ ഞങ്ങൾ സ്ഥാപിക്കില്ല. പകരം, ഞങ്ങളുടെ മനസ്സിൽ നിങ്ങളുണ്ട്. അനശ്വരമായ, വിലമതിക്കാനാവാത്ത മനുഷ്യത്വത്തിന്റെ പ്രതിമ””. നൗഷാദ് എഴുതിയത് എത്ര വാസ്തവം. മഹദ് വ്യക്തിത്വങ്ങൾ അവർ ചെയ്ത നന്മകളുടെ പേരിൽ ജനമനസ്സുകളിൽ എന്നെന്നും നിലനിൽക്കും; പ്രതിമകളില്ലാതെ തന്നെ. പക്ഷികൾക്ക് വിസർജ്ജിക്കാൻ ഒരിടമെന്നതിൽ കവിഞ്ഞു പ്രതിമകൾ പൊതുവെ സമൂഹത്തിന് ഒരു ഗുണവും ചെയ്യാറുമില്ല.

Latest