Connect with us

Gulf

കോഴിക്കോട് സ്വദേശി ബഹ്‌റൈനില്‍ കൊല്ലപ്പെട്ട കേസില്‍ സുഡാനി പൗരന് വധശിക്ഷ

Published

|

Last Updated

മനാമ: ബഹ്‌റൈനില്‍ മലയാളി യുവാവ് കൊല്ലപ്പെട്ട കേസില്‍ പ്രതിക്ക് ബഹ്‌റൈന്‍ കോടതി വധശിക്ഷ വിധിച്ചു . കോഴിക്കോട് താമരശേരി പരപ്പന്‍പ്പൊയില്‍ സ്വദേശിയായ ജിനാന്‍ തൊടുക ജെ ടി അബ്ദുല്ലക്കുട്ടിയുടെ മകന്‍ അബ്ദുല്‍ നഹാസാണ് 2018 ജൂലൈയില്‍ കൊല്ലപ്പെട്ടത് .താമസസ്ഥലത്ത് യുവാവിനെ കെട്ടിയിട്ടശേഷം ചുറ്റിക കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. കേസ് അന്വേഷിച്ച ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ആന്റ് ഫോറന്‍സിക് സയന്‍സിന്റെ പ്രത്യേക ടീം നടത്തിയ അന്വേഷണത്തിലാണ് പ്രതിയായ സുഡാനി പൗരനെ കണ്ടെത്തത്തിയത് .

ഖത്തറില്‍ ജോലിചെയ്തിരുന്ന നഹാസ് മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബഹ്‌റൈനില്‍ ഡ്രൈവറായി ജോലിയില്‍ പ്രവേശിച്ചത്.കോടതിയില്‍ വിചാരണയ്ക്കിടെ ഇലക്ട്രിക് കേബിളുകള്‍ കൊണ്ട് ബന്ധിച്ച ശേഷം കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുവെന്ന് പ്രതി സമ്മതിച്ചിരുന്നു
നഹാസിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാത്തതിനാല്‍ റൂമിലെത്തിയ സുഹൃത്തുക്കളാണ് നഹാസിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തത്തിയത് . ഇരുവരും തമ്മില്‍ വാക്കു തര്‍ക്കവും അടിപിടിയും ഉണ്ടായെന്ന് വരുത്തിത്തീര്‍ക്കാന്‍ പ്രതി മുറി അലങ്കോലമാക്കുകയും ചെയ്തിരുന്നു.പ്രതിക്ക് വധശിക്ഷ നല്‍കിയതിന് പുറമെ മോഷണക്കുറ്റത്തിന് മൂന്ന് വര്‍ഷത്തെ ജയില്‍ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്. മൂന്ന് വര്‍ഷത്തെ ശിക്ഷ അനുഭവിച്ച ശേഷമായിരിക്കും വധശിക്ഷ നടപ്പാക്കുക. പോലീസ് നടത്തിയ അന്വേഷണത്തില്‍ ക്ര്യത്യമായ കുറ്റം തെളിയിക്കപ്പെട്ടതിനാല്‍ പ്രതിക്ക് പരമാവധി ശിക്ഷ നല്‍കുകയാണെന്ന് കോടതി പറഞ്ഞു .