Connect with us

Editorial

അടിമത്തം ഇന്നും വ്യാപകം

Published

|

Last Updated

പൗരാണിക കാലത്ത് നടപ്പുണ്ടായിരുന്നതും കാലഹരണപ്പെട്ടതുമായ ഒരു പ്രാകൃത സമ്പ്രദായമെന്നാണ് അടിമത്തത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ സമൂഹം പൊതുവെ വിലയിരുത്തുന്നത്. അടിമ സമ്പ്രദായം ഇന്ന് നിലവിലില്ലെന്നും അവര്‍ വിശ്വസിക്കുന്നു. അടിമത്തം നിര്‍ത്തലാക്കുന്നതിനായി മിക്ക രാജ്യങ്ങളും നിരവധി സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടുകയും പ്രഖ്യാപനങ്ങള്‍ നടത്തുകയും നിയമങ്ങള്‍ നിര്‍മിക്കുകയുമൊക്കെ ചെയ്തിട്ടുമുണ്ട്. അടിമവൃത്തി ചെയ്യിക്കുകയോ ആരെയും അടിമത്തത്തില്‍ വെക്കുകയോ അരുതെന്നും എല്ലാ തരം അടിമത്തവും അടിമക്കച്ചവടവും നിരോധിക്കണമെന്നും 1948ലെ സാര്‍വ ലൗകിക മനുഷ്യാവകാശ സമ്മേളനം പ്രഖ്യാപിച്ചതുമാണ്. അടിമ വ്യാപാരം നിര്‍ത്തലാക്കിയതിന്റെ അന്താരാഷ്ട്ര ഓര്‍മ ദിനമായി ആഗസ്റ്റ് 23 വര്‍ഷാന്തം ആചരിക്കപ്പെടുകയും ചെയ്യുന്നു.
എന്നാല്‍ പൗരാണിക കാലത്തെ അടിമത്തത്തിന്റെ മുഖമുദ്രകളായ ചങ്ങലയും ചാട്ടവാറും ലേലം വിളിയുമൊന്നും ഇല്ലെങ്കിലും അടിമത്തത്തിന്റെ പുതിയ പതിപ്പുകള്‍ ഇപ്പോഴുമുണ്ടെന്നാണ് കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തു നിന്ന് പുറത്തുവന്ന വാര്‍ത്ത വിളിച്ചോതുന്നത്. ഇവിടെ കടം കൊടുക്കുന്ന പണത്തിന് പകരമായി വ്യവസായികളും സമ്പന്നരും നിര്‍ധന തൊഴിലാളികളെക്കൊണ്ട് അടിമവേല ചെയ്യിപ്പിച്ചു വരികയാണ്. കാഞ്ചീപുരത്തും വെല്ലൂരിലും ഒരു മരം വ്യവസായി തൊഴിലാളി കുടുംബങ്ങള്‍ക്ക് 9000 മുതല്‍ 25,000 വരെ രൂപ കടം നല്‍കിയ ശേഷം രണ്ട് വര്‍ഷം മുതല്‍ 15 വര്‍ഷം വരെ ജോലി ചെയ്യിപ്പിക്കുന്ന വിവരം രണ്ട് ദിവസം മുമ്പാണ് അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. ഒരു സന്നദ്ധ സംഘടന നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ കാഞ്ചീപുരം, വെല്ലൂര്‍ ജില്ലകളിലെ സബ് കലക്ടര്‍മാര്‍ ഉള്‍ക്കൊള്ളുന്ന ഉദ്യോഗസ്ഥ സംഘത്തിന് ഇക്കാര്യം നേരിട്ട് ബോധ്യപ്പെട്ടു. ജോലി സമയത്ത് തങ്ങള്‍ക്ക് ഭക്ഷണം പോലും നല്‍കിയിരുന്നില്ലെന്ന് തൊഴിലാളികള്‍ പറയുന്നു. വെള്ളം മാത്രം കുടിച്ചാണത്രെ കഠിന ജോലി ചെയ്തിരുന്നത്. വല്ലപ്പോഴും നൂറും ഇരുനൂറും രൂപ മാത്രമാണ് കൂലിയായി ഇവര്‍ക്ക് ലഭിച്ചിരുന്നത്. തൊഴിലാളികളുടെ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ ആഗ്രഹമുണ്ടെങ്കിലും തൊഴിലുടമകള്‍ അനുവദിച്ചിരുന്നില്ല. അടിമപ്പണി സഹിക്കാനാകാതെ കൂട്ടത്തില്‍ പലരും ഒളിച്ചോടി. കാഞ്ചീപുരത്ത് നിന്ന് എട്ട് കുടുംബങ്ങളിലെ 19 കുട്ടികള്‍ അടക്കം 28 പേരെയും വെല്ലൂരില്‍ നിന്നുള്ള 14 പേരെയും ഉദ്യോഗസ്ഥ സംഘം വ്യാഴാഴ്ച മോചിപ്പിക്കുകയുണ്ടായി. ഇതുസംബന്ധമായി തമിഴ്‌നാട് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിഷ്‌കൃത ലോകത്തിലെ അടിമകളുടെ സ്ഥിതി പൂര്‍വികരുടേതില്‍ നിന്ന് ഒട്ടും ഭിന്നമല്ലെന്നും പലപ്പോഴും അവരേക്കാള്‍ ദുരിതപൂര്‍ണമാണെന്നുമാണ് കാഞ്ചീപുരം സംഭവം വ്യക്തമാക്കുന്നത്.
ഒറ്റപ്പെട്ട സംഭവമല്ല ഇത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കോടിക്കണക്കിന് പേര്‍ ഇന്നും അടിമകളായി അല്ലെങ്കില്‍ അടിമകളുടേതു പോലുള്ള സാഹചര്യങ്ങളില്‍ ജീവിക്കുകയും പണിയെടുക്കുകയും ചെയ്യുന്നുണ്ട്. കടം വാങ്ങിയതിന് പ്രത്യുപകാരമെന്ന നിലയിലോ മറ്റോ ആളുകളെക്കൊണ്ട് നിര്‍ബന്ധിച്ച് ജോലിയെടുപ്പിക്കല്‍, കൊച്ചു പെണ്‍കുട്ടികളെ അടിമയെ പോലെ വിവാഹ ജീവിതത്തിലേക്കു തള്ളിവിടല്‍, കുറഞ്ഞ വേതനത്തിന് കുട്ടികളെക്കൊണ്ട് എല്ലുമുറിയെ പണിയെടുപ്പിക്കല്‍, വേശ്യാവൃത്തി ഇവയൊക്കെയാണ് ആധുനിക ലോകത്തെ അടിമത്തത്തിന്റെ രൂപങ്ങള്‍. “ഒരു വ്യക്തി മറ്റൊരാളുടെ ഉടമാവകാശത്തിന്‍ കീഴിലോ പൂര്‍ണമായ നിയന്ത്രണത്തിന്‍ കീഴിലോ വരുന്ന ഏതൊരു സമ്പ്രദായവും അടിമത്ത”മാണെന്നാണ് അന്താരാഷ്ട്ര അടിമത്തവിരുദ്ധ സംഘടനയുടെ ഡയറക്ടറായ മൈക്ക് ഡോട്രിജിന്റെ വീക്ഷണം.

ആസ്‌ത്രേലിയ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടനയായ “വാക് ഫ്രീ” 2013ല്‍ 162 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍, ലോകത്ത് ഇപ്പോഴും 30 ദശലക്ഷം ആളുകള്‍ അടിമത്തത്തിന്‍ കീഴിലാണെന്നും ഇവരില്‍ പകുതിയോളം പേര്‍ ഇന്ത്യയിലാണെന്നുമാണ് കണ്ടെത്തിയത്. ആഗോളതലത്തില്‍ അടിമകളെപ്പോലെ ജോലി ചെയ്യുന്ന 29.8 ദശലക്ഷം പേരില്‍ 13.9 ദശലക്ഷം ഇന്ത്യയിലാണ്. ദളിതരോ ആദിവാസികളോ ന്യൂനപക്ഷ വിഭാഗക്കാരോ ആണ് ഇവരില്‍ ബഹുഭൂരിപക്ഷവും. ചൂഷണത്തിനുള്ള ഒരു ഉപാധി ആയാണല്ലോ ജാതി സമ്പ്രദായം നടപ്പാക്കിയതു തന്നെ. ഇന്ത്യയിലെ ദളിതരില്‍ 86 ശതമാനവും ഭൂരഹിതരാണ്. തങ്ങളുടെ തൊഴില്‍ ദാതാക്കളെ ആശ്രയിച്ചാണ് ഇവരില്‍ ഏറെയും ജീവിക്കുന്നത്. ഇത് ചൂഷണത്തിന് വഴിയൊരുക്കുന്നു. ശമ്പളം ലഭിക്കില്ലെന്നതിനുപുറമെ പീഡനങ്ങളും സാമൂഹിക വിലക്കുകളും നേരിടേണ്ടതായി വരുന്നു ഇവര്‍. ദാരിദ്ര്യം കൊണ്ട് കടക്കാരാകുന്നവര്‍ എത്ര തിരിച്ചടച്ചാലും തീരാത്ത കടത്തില്‍ അകപ്പെട്ട് അടിമ വേലക്കാരായി മാറുകയാണ്. വാണിജ്യാടിസ്ഥാനത്തിലുള്ള ലൈംഗിക ചൂഷണങ്ങളും ഇന്ത്യയില്‍ വ്യാപകമാണ്.
2.9 ദശലക്ഷം അടിമകളുള്ള ചൈനയാണ് കൂടുതല്‍ അടിമകളുള്ള രണ്ടാമത്തെ രാജ്യം. പാക്കിസ്ഥാന്‍ (2.1 ദശലക്ഷം), നൈജീരിയ (7,01000), എത്യോപ്യ( 6,51,000), റഷ്യ (5,16,000), തായ്‌ലന്‍ഡ് (4,73,000), കോംഗോ (4,62,000), മ്യാന്‍മര്‍ (3,84,000), ബംഗ്ലാദേശ് (3,43,000) എന്നീ രാജ്യങ്ങളാണ് തൊട്ടുപിന്നില്‍. അടിമകളെ പോലെ ജോലി ചെയ്യുന്നവരില്‍ 21 ദശലക്ഷവും നിര്‍ബന്ധിത തൊഴിലെടുക്കുന്നതിന് നിയോഗിക്കപ്പെട്ടവരാണെന്ന് രാജ്യാന്തര തൊഴില്‍ സംഘടനയുടെ കണക്കുകള്‍ വ്യക്തമാക്കുന്നതായി “വാക് ഫ്രീ”യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വീടുകളില്‍ നിന്ന് തട്ടിക്കൊണ്ട് പോകുന്നവരും വില്‍ക്കപ്പെടുന്നവരും പിന്നീട് അടിമകളെപ്പോലെ ജോലി ചെയ്യേണ്ടി വരികയാണ്. അന്താരാഷ്ട്ര പ്രസ്ഥാനങ്ങളുടെയും രാഷ്ട്ര നേതൃത്വങ്ങളുടെയും അടിമത്ത നിരോധന പ്രഖ്യാപനങ്ങളെല്ലാം ജലരേഖകളായി മാറുകയാണിവിടെ.