യൂണിവേഴ്‌സിറ്റി കോളജിലേക്ക് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ മാര്‍ച്ച്

Posted on: July 12, 2019 5:54 pm | Last updated: July 12, 2019 at 5:54 pm

തിരുവനന്തപുരം: യുണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിന് കാരണക്കാരയ എസ് എഫ് ഐ നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ എസ് യു, എം എസ് എഫ്, എ ബി വി പി സംഘടനകള്‍ ക്യാമ്പസിലേക്ക് മാര്‍ച്ച് നടത്തി. സംഭവത്തില്‍ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കാന്‍ എത്തിയതായിരുന്നു കെ എസ് യു പ്രവര്‍ത്തകര്‍. ഇവരെ പൊലീസ് തടഞ്ഞതോടെ മുദ്രാവാക്യങ്ങളുമായി പ്രവര്‍ത്തകര്‍ ഗേയ്റ്റില്‍ കുത്തിയിരിക്കുകയും പ്രതിഷേധ മാര്‍ച്ച് നടത്തുകയുമായിരുന്നു.

ഇതിന് പിന്നാലെയാണ് എം എസ് എഫും എ ബി വി പിയും മാര്‍ച്ചുമായി എത്തിയത്. കേസില്‍ പ്രതികളായ എസ് എഫ് ഐക്കാരെ അറസ്റ്റ് ചെയ്യാതെ പോലീസ് സംരക്ഷിക്കുകയാണെന്ന് വിദ്യാര്‍ഥി സംഘടന നേതാക്കള്‍ പറഞ്ഞു. കോളജിന് മുമ്പില്‍ സംഘര്‍ഷാവസ്ഥ നിലനിന്നതിനാല്‍ പോലീസ്
പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് നീക്കുകയാണ്.

അതേസമയം യൂണിവേഴ്‌സിറ്റി കോളജിലെ സംഘര്‍ഷത്തിനിടെ കുത്തേറ്റ അഖിലിനെ മുമ്പും എസ് എഫ് ഐ പ്രവര്‍ത്തകര്‍ അക്രമിച്ചിട്ടുണ്ടെന്ന് പിതാവ് ചന്ദ്രന്‍ ആരോപിച്ചു. കഴിഞ്ഞവര്‍ഷമാണ് അഖിലിനെ ആക്രമിച്ചത്. ജില്ലാ സെക്രട്ടറി ഇടപെട്ടാണ് കഴിഞ്ഞ വര്‍ഷത്തെ കേസ് ഒത്തുതീര്‍പ്പാക്കിയതെന്നും പിതാവ് പറഞ്ഞു.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെയാണ് ഇന്ന് രാവിലെ അഖിലിന് കുത്തേറ്റത്. മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥിയാണ് അഖില്‍.