ജനങ്ങളുടെ നടുവൊടിച്ച് പച്ചക്കറിവില

Posted on: July 12, 2019 11:23 am | Last updated: July 12, 2019 at 3:25 pm

പാലക്കാട്: ഇന്ധന, വൈദ്യുതി വിലവർധനക്കു പിന്നാലെ ജനങ്ങളുടെ നടുവൊടിച്ച് പച്ചക്കറിവില കുതിച്ചുയരുന്നു. ഒരുമാസത്തിനിടെ ഇരട്ടിയോളമായാണ് പച്ചക്കറികളുടെ വില വർധിച്ചത്. പത്ത് രൂപക്ക് കിട്ടിയിരുന്ന തക്കാളിയുടെ വില 30 രൂപയിലെത്തി. 85 രൂപയുണ്ടായിരുന്ന ഇഞ്ചിക്ക് ഇപ്പോൾ 190 രൂപയാണ് വില. മാങ്ങ- 50, ചെറുനാരങ്ങ- 80, ചെറിയ ഉള്ളി- 60, സവാള- 30, തക്കാളി- 40, പച്ചമുളക്- 40, വെണ്ട- 30, മുരിങ്ങക്കായ- 60, ഉരുളക്കിഴങ്ങ്- 40, മല്ലിയില- 100, കടച്ചക്ക- 60, പയറ്- 40, കറിവേപ്പില- 40, ബീൻസ്- 40, നേന്ത്രക്കായ- 50, പടവലം- 20 എന്നിങ്ങിനെ എല്ലാ പച്ചക്കറികൾക്കും വില ഉയരുകയാണ്.

ഇന്ധന വിലക്കൊപ്പം തമിഴ്‌നാട്ടിൽ നേരിടുന്ന കനത്ത വരൾച്ചയാണ് പച്ചക്കറിയുടെ വില ഉയരാൻ കാരണം. വരൾച്ച കനക്കുന്ന പക്ഷം കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവും നിലക്കും. തമിഴ്‌നാട്ടിൽ വരൾച്ച കനത്തതോടെ കേരളത്തിലേക്കുള്ള പച്ചക്കറിയുടെ വരവിൽ കുറവ് വന്നതായാണ് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നത്. പ്രാദേശികമായി കൃഷി ചെയ്തിരുന്ന പച്ചക്കറി വിളകളെയും വരൾച്ച കാര്യമായി ബാധിച്ചു.

പച്ചക്കറിക്ക് മാത്രമല്ല മറ്റ് പഴവർഗങ്ങൾക്കും വില കുതിച്ചുയരുകയാണ്. എന്നാൽ, ഭക്ഷ്യ വില നിയന്ത്രിക്കാൻ സർക്കാറിന്റെ ഭാഗത്തു നിന്ന് യാതൊരു നടപടികളും ഇതുവരെയുണ്ടായിട്ടില്ല. തമിഴ്‌നാട്ടിൽ വരൾച്ച കനക്കുന്ന സാഹചര്യത്തിൽ പച്ചക്കറി ഉൾപ്പെടെയുള്ള സാധനങ്ങൾക്ക് ഇനിയും വില ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്. അതേസമയം, തമിഴ്‌നാട്ടിലെ വരൾച്ചയാണ് സംസ്ഥാനത്തെ വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അവിടെ ഇവിടുത്തേക്കൾ കുറഞ്ഞ വില ക്കാണ് പച്ചക്കറി ലഭിക്കുന്നത്.