തടവുകാരുടെ ഫോണ്‍ വിളി; അന്വേഷണ ചുമതല ഐ ജി ശ്രീജിത്തിന്

Posted on: July 12, 2019 12:27 pm | Last updated: July 12, 2019 at 5:55 pm

തിരുവനന്തപുരം: ജയിലുകളില്‍ തടവുകാരുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ജയില്‍ മേധാവി ഋഷിരാജ് സിംഗ് ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളില്‍ നടത്തിയ പരിശോധനകളില്‍ ഇതുവരെ 70 ഫോണുകളാണ് പിടികൂടിയത്. ടിപി കേസിലെ പ്രതികളായ കൊടി സുനി, ഷാഫി അടക്കമുള്ളവര്‍ ജയിലില്‍ നിന്ന് ഫോണ്‍ വിളിക്കുകയും കൊടി സുനി കൊട്ടേഷന്‍ എടുക്കുകയും ചെയ്ത വിവരം പുറത്ത് വന്ന സാഹചര്യത്തിലാണ് ഋഷിരാജ് സിംഗ് അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്തുനല്‍കിയത്. ജയില്‍ വളപ്പില്‍ കുഴിച്ചിട്ട നിലയിലായിരുന്നു പല ഫോണുകളും കണ്ടെടുത്തത്.