ജീവന്‍ പണയം വെച്ച് യു എസ് കോസ്റ്റ് ഗാര്‍ഡിന്റെ ലഹരി വേട്ട;പിടികൂടിയത് 1590 കോടിയുടെ കൊക്കെയിന്‍

Posted on: July 12, 2019 12:13 pm | Last updated: July 12, 2019 at 1:52 pm

വാഷിങ്ടണ്‍: ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന സാഹസിക രംഗങ്ങളാണ് കഴിഞ്ഞ മാസം പസഫിക് സമുദ്രത്തില്‍ അരങ്ങേറിയത്. തിരമാലകളെ വകഞ്ഞ് മാറ്റി കോടിക്കണക്കണിന് രൂപയുടെ മയക്കുമരുന്നുമായി പോകുന്ന മുങ്ങിക്കപ്പലിനെ അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് അതിസാഹസികമായി പിടികൂടുന്ന വീഡിയോ ആണ് ഇപ്പോള്‍ ഏറെ വൈറലായിരിക്കുന്നത്. പസഫിക് സമുദ്രത്തിലെ അന്താരാഷ്ട്ര അതിര്‍ത്തിയില്‍വെച്ച് ജൂണ്‍ 18നാണ് കൊക്കെയിന്‍ കടത്തുന്നതിനിടെ മുങ്ങിക്കപ്പല്‍ പിടികൂടുന്നത്.

മുങ്ങിക്കപ്പലിനൊപ്പം ബോട്ടുകളില്‍ സഞ്ചരിച്ചായിരുന്നു കോസ്റ്റ് ഗാര്‍ഡിന്റെ ലഹരി വേട്ട. മുങ്ങിക്കപ്പലിനൊപ്പം കുതിച്ചു പാഞ്ഞ ബോട്ടില്‍നിന്നും കോസ്റ്റ് ഗാര്‍ഡിന്റെ മൂന്ന് സൈനികര്‍ മുങ്ങിക്കപ്പലിന് മുകളിലേക്ക് എടുത്തു ചാടുകയായിരുന്നു. തുടര്‍ന്ന് മുന്‍ഭാഗത്തെ വാതിലില്‍ ശക്തമായി അടിച്ചതിനെത്തുടര്‍ന്ന് ലഹരി സംഘത്തിലെ ഒരാള്‍ വാതില്‍ തുറക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കൈകളുയര്‍ത്തി കീഴടങ്ങിയതായി കാണിക്കുന്നതും വീഡിയോവിലുണ്ട്. വിപണിയില്‍ 1590 കോടി രൂപ വിലമതിക്കുന്ന കൊക്കെയിനാണ് മുങ്ങിക്കപ്പലിലുണ്ടായിരുന്നത. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്ററാണ് ഈ രംഗങ്ങള്‍ വീഡിയോവില്‍ പകര്‍ത്തിയത്. ജീവന്‍ പണയംവെച്ചാണ് സൈന്യം ഈ വേട്ട നടത്തിയത്.