വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരുക്കേറ്റു; ഒമ്പത് പേരുടെ നില ഗുരുതരം

Posted on: July 12, 2019 10:25 am | Last updated: July 12, 2019 at 12:56 pm

ഹോനോലുലു: വാന്‍കോവറില്‍നിന്നും സിഡ്‌നിയിലേക്ക് പോവുകയായിരുന്ന എയര്‍ കാനഡ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 37 പേര്‍ക്ക് പരുക്കേറ്റു. അപകടത്തെത്തുടര്‍ന്ന് വിമാനം ഹോനോലുലു വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. വ്യാഴാഴ്ചയാണ് സംഭവം. 36000 അടി ഉയരത്തില്‍ പറക്കവെയാണ് ബോയിങ് 777-200 വിമാനം ആകാശച്ചുഴിയില്‍പ്പെട്ടത്.

വിമാനത്തില്‍ 269 യാത്രക്കാരും 15 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ആകാശച്ചുഴിയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിമാനം വലിയ തോതില്‍ കുലുങ്ങി. ഇതേത്തുടര്‍ന്ന് വിമാനത്തിലുണ്ടായിരുന്നവരുടെ തല സീറ്റിലും സീലിങ്ങിലുമിടിച്ച് പരുക്കേല്‍ക്കുകയായിരുന്നു. പരുക്കേറ്റവരില്‍ ഒമ്പത് പേരുടെ നില ഗുരുതരമാണ്. അപകടത്തിന് പിന്നാലെ വിമാനം അടിയന്തരമായി നിലത്തിറക്കുകയായിരുന്നു.