വൈദ്യുതി നിരക്ക് വര്‍ധന

Posted on: July 10, 2019 6:55 pm | Last updated: July 10, 2019 at 6:55 pm


വൈദ്യുതി നിരക്കും സ്ലാബ് അടിസ്ഥാനത്തിലുള്ള ഫിക്‌സഡ് ചാര്‍ജും ഒരേ സമയം കൂട്ടി ഇരട്ട ഷോക്കേല്‍പ്പിച്ചിരിക്കുകയാണ് കെ എസ് ഇ ബി. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് പ്രതിമാസം 18 രൂപ മുതല്‍ 254 രൂപ വരെയാണ് നിരക്ക് വര്‍ധന. കൂടെ അധിക ഫിക്‌സഡ് ചാര്‍ജും നല്‍കണം. അഞ്ച് രൂപ മുതല്‍ 70 രൂപ വരെയാണ് ഈയിനത്തില്‍ വര്‍ധന. താരിഫ് വര്‍ധനവിലൂടെ പ്രതിവര്‍ഷം 902 കോടി രൂപ കെ എസ് ഇ ബിക്ക് അധിക വരുമാനം ലഭിക്കും. മൂന്ന് വര്‍ഷത്തേക്കാണ് വര്‍ധന. എങ്കിലും കെ എസ് ഇ ബിയുടെ കാര്യക്ഷമതയും പരിഷ്‌കരിച്ച താരിഫില്‍ നിന്നുള്ള വരുമാനവും പരിഗണിച്ച് ആവശ്യമെന്ന് കണ്ടാല്‍ വരും വര്‍ഷങ്ങളില്‍ താരിഫ് പുനഃപരിശോധിക്കുമെന്ന് റെഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ പ്രേമന്‍ ദിനരാജന്‍ പറയുന്നു. രണ്ട് വര്‍ഷം മുമ്പ് 2017 ഏപ്രില്‍ 17നാണ് ഇതിനു മുമ്പ് നിരക്ക് വര്‍ധിപ്പിച്ചത്. അഞ്ച് ശതമാനമായിരുന്നു അന്നത്തെ വര്‍ധന. മാസങ്ങള്‍ക്കു മുമ്പേ തീരുമാനിച്ചതാണ് ഇപ്പോഴത്തെ നിരക്കുവര്‍ധന. ലോക്‌സഭാ തിരഞ്ഞെടുപ്പും തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേരിട്ട പരാജയവും പിന്നാലെ നിയമസഭാ സമ്മേളനം തുടങ്ങിയതുമാണ് അത് നടപ്പാക്കുന്നത് ഇത്രയും വൈകാന്‍ കാരണം.

200 യൂനിറ്റില്‍ താഴെ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കാണ് നിരക്ക് വര്‍ധനയുടെ ഭാരം കൂടുതല്‍. യൂനിറ്റ് നിരക്കില്‍ 11.4 ശതമാനമാണ് ഈ വിഭാഗത്തിന് വര്‍ധിപ്പിച്ചത്. അതേസമയം, വ്യാവസായിക ഉപഭോക്താക്കള്‍ക്ക് കുറവാണ്. എല്‍ ടി വിഭാഗത്തിന് 5.7 ശതമാനവും എച്ച് ടി വിഭാഗത്തിന് 6.1 ശതമാനവും കൊമേഴ്ഷ്യല്‍ വിഭാഗത്തിന് 3.3 ശതമാനവുമാണ് വ്യവസായ മേഖലയിലെ വര്‍ധന. സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളില്‍ ഗണ്യമായ വിഭാഗവും മാസം 200 യൂനിറ്റില്‍ താഴെ ഉപയോഗിക്കുന്ന സാധാരണക്കാരാണ്. മാസത്തില്‍ 150 യൂനിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കളുടെ നിരക്ക് കുറക്കണമെന്ന് കെ എസ് ഇ ബി നിര്‍ദേശം വെച്ചിരുന്നെങ്കിലും റെഗുലേറ്ററി കമ്മീഷന്‍ അംഗീകരിച്ചില്ല.

കേരളത്തിന്റെ വൈദ്യുതി ഉത്പാദനച്ചെലവ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കുറവാണ്. ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന നിരക്ക് കൂടുതലും. വൈദ്യുതി ബോര്‍ഡിന്റെ കണക്ക് പ്രകാരം സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ പ്രതിവര്‍ഷ ആവശ്യം 20,880.70 ദശലക്ഷം യൂനിറ്റാണ്. ഇതില്‍ ജലവൈദ്യുതി പദ്ധതികളിലെ ഉത്പാദനച്ചെലവ് യൂനിറ്റിന് 1.20 രൂപ മാത്രം. ബോര്‍ഡ് 200 യൂനിറ്റ് വരെയുള്ള ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്നത് യൂനിറ്റിന് 6.10 രൂപയും. ഉത്പാദനച്ചെലവ് കൂടുതലായ താപ വൈദ്യുതിയെ ആശ്രയിക്കുന്ന തമിഴ്‌നാട്ടില്‍ 200 യൂനിറ്റില്‍ താഴെയുള്ളവര്‍ക്ക് 3.50 രൂപയും ആന്ധ്രയില്‍ 3.60 രൂപയും മാത്രമാണ് നിരക്ക്. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ തമിഴ്‌നാട്ടില്‍ ആദ്യ നൂറ് യൂനിറ്റ് എല്ലാവര്‍ക്കും സൗജന്യവുമാണ്. കേരളത്തിലാകട്ടെ 40 യൂനിറ്റ് വരെ മാത്രമാണ് സൗജന്യം. അതിനേക്കാള്‍ ഒരു യൂനിറ്റ് കൂടുതല്‍ ഉപയോഗിച്ചാല്‍ ആ സൗജന്യവും കിട്ടില്ലെന്നു മാത്രമല്ല, ഉപയോഗിച്ച മൊത്തം യൂനിറ്റിനും പണം നല്‍കുകയും വേണം.

നിരക്ക് വര്‍ധനവില്‍ സ്വകാര്യ സ്ഥാപനങ്ങളോട് പരമാവധി വിട്ടുവീഴ്ച കാണിച്ചിട്ടുണ്ട് റെഗുലേറ്ററി കമ്മീഷന്‍. പൊതു, ധര്‍മ സ്ഥാപനങ്ങളോട് ഒട്ടും കരുണ കാണിച്ചുമില്ല. സ്വകാര്യ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ബേങ്കുകള്‍, ഇന്‍ഷ്വറന്‍സ് കമ്പനികള്‍ എന്നിവയുടെ നിരക്ക് വര്‍ധിപ്പിച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയുടെ ഫിക്‌സഡ് ചാര്‍ജ് 20 രൂപയും നിരക്ക് 20 പൈസയും അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, അങ്കണവാടികള്‍ തുടങ്ങിയവയുടെ ഫിക്‌സഡ് ചാര്‍ജ് 35 രൂപയും നിരക്ക് 30 പൈസയും വര്‍ധിപ്പിക്കുകയും ചെയ്തു. പെട്ടിക്കടകള്‍ പോലുള്ളവയുടെ നിരക്കും ഫിക്‌സഡ് ചാര്‍ജും വര്‍ധിപ്പിച്ചു.
കടുത്ത സാമ്പത്തിക ബാധ്യതയെ തുടര്‍ന്നാണ് നിരക്ക് വര്‍ധനയെന്നാണ് ബോര്‍ഡ് അധികൃതരുടെ വിശദീകരണം. 7,300 കോടി രൂപ നഷ്ടത്തിലാണ് കെ എസ് ഇ ബിയെന്നാണ് ഇതിനിടെ വകുപ്പ് മന്ത്രി എം എം മണി വെളിപ്പെടുത്തിയത്. വന്‍കിട ഉപഭോക്താക്കള്‍ക്ക് പവര്‍ഫാക്ടര്‍ ഇന്‍സെന്റീവ് നല്‍കാനുള്ള പരിധി കുറച്ചതുവഴി വന്ന നഷ്ടം, പ്രസരണ നഷ്ടം, കുടിശ്ശിക പിരിച്ചെടുക്കുന്നതിലുള്ള വീഴ്ച തുടങ്ങി വഴിവിട്ട പ്രവര്‍ത്തനവും പിടിപ്പുകേടുമാണ് ബോര്‍ഡ് നഷ്ടത്തിലായതിന്റെ പ്രധാന കാരണം. ഇന്‍സെന്റീവ് നല്‍കാനുള്ള പരിധി കുറച്ചതുവഴി ബോര്‍ഡിന് 90 കോടിയുടെ നഷ്ടം വന്നതായി കെ എസ് ഇ ബിയുടെ തന്നെ കൊമേഴ്ഷ്യല്‍ വിഭാഗത്തിന്റെ പരിശോധനയില്‍ കണ്ടെത്തിയതാണ്. പുതിയ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ സംസ്ഥാന സര്‍ക്കാറിന് അധിക വരുമാനമായി ലഭിക്കുന്നത് 902 കോടി രൂപയാണ്.

രാജ്യാന്തര തലത്തില്‍ വൈദ്യുതി പ്രസരണ നഷ്ടം നാല് ശതമാനവും വിതരണ നഷ്ടം 6-8 ശതമാനവുമാണെന്നിരിക്കെ കെ എസ് ഇ ബിയുടെത് ഇത് യഥാക്രമം അഞ്ചും പന്ത്രണ്ടും ശതമാനമാണ്. ഭൂമിക്കടിയിലൂടെ ലൈന്‍ സ്ഥാപിക്കല്‍, ഉപകരണങ്ങളിലും ജോലിയിലുമുള്ള ഗുണമേന്മ വര്‍ധിപ്പിക്കല്‍ തുടങ്ങിയവയിലൂടെ പ്രസരണത്തിലും വിതരണത്തിലുമുള്ള നഷ്ടം ഒരു പരിധിവരെ കുറക്കാന്‍ കഴിയും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴി അടിക്കടി നിരക്ക് വര്‍ധിപ്പിക്കാതെയും സാധാരണക്കാരെ പിഴിയാതെയും ബോര്‍ഡിന് പ്രവര്‍ത്തിക്കാനാകും. എന്നാലും വന്‍കിടക്കാരെ തലോടുകയും സാധാരണക്കാരെ പിഴിയുകയും ചെയ്യുന്ന നിലപാടാണ് കെ എസ് ഇ ബി എക്കാലവും സ്വീകരിക്കാറുള്ളത്. ഇത്തവണയും അതിനു മാറ്റമില്ല.