Connect with us

National

കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്ത റോഷന്‍ ബെയ്ഗ് എം എല്‍ എ സ്ഥാനം രാജിവച്ചു; കര്‍ണാടക സര്‍ക്കാറിന് വീണ്ടും തിരിച്ചടി

Published

|

Last Updated

ബെംഗളൂരു: കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ശിവജിനഗര്‍ എം എല്‍ എ. റോഷന്‍ ബെയ്ഗ് നിയമസഭാംഗത്വം രാജിവച്ചു. ഇതോടെ കര്‍ണാടക സര്‍ക്കാറിലെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. കര്‍ണാടക നിയമസഭാ സ്പീക്കര്‍ക്ക് രാജി സമര്‍പ്പിച്ചതായി ബെയ്ഗ് റിപ്പോര്‍ട്ടര്‍മാരോടു പറഞ്ഞു. എന്നാല്‍, രാജിവച്ച് മുംബൈ ഹോട്ടലില്‍ കഴിയുന്ന മറ്റ് എം എല്‍ എമാരെ പോലെ മുംബൈയിലേക്കോ ഡല്‍ഹിയിലേക്കോ പറക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനെന്ന നിലയില്‍ ഹജ്ജ് തീര്‍ഥാടകര്‍ക്കായി ഏര്‍പ്പെടുത്തിയ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ വിമാനത്താവളത്തിലേക്ക് പോവുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരാരെങ്കിലും താങ്കളോട് സംസാരിച്ചിരുന്നോ എന്ന ചോദ്യത്തിന് അവര്‍ ഹലോ പറഞ്ഞു, അത്ര തന്നെ എന്നായിരുന്നു ബെയ്ഗിന്റെ മറുപടി. പാര്‍ട്ടി നേതാക്കള്‍ക്കെതിരെ നിലകൊള്ളുകയും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തുകയും ചെയ്‌തെന്നാരോപിച്ചാണ് ബെയ്ഗിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയത്.
മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യ, പാര്‍ട്ടി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ദിനേഷ് ഗുണ്ടുറാവു തുടങ്ങിയ നേതാക്കളാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ ദയനീയ പ്രകടനത്തിന് കാരണക്കാരെന്ന് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാറില്‍ മന്ത്രിയായിരുന്ന റോഷന്‍ ബെയ്ഗ് ആരോപിച്ചിരുന്നു.

ബെയ്ഗിന്റെ രാജിയും പാര്‍ട്ടി വിരുദ്ധമാണെന്ന് സിദ്ധാരാമയ്യ പ്രതികരിച്ചു. രാജിവച്ചവരെല്ലാം തിരിച്ചുവരണമെന്നും ബി ജെ പിയുടെ തന്ത്രങ്ങളില്‍ വീഴരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. സംസ്ഥാനത്തെ കോണ്‍ഗ്രസ്-ജെ ഡി എസ് സഖ്യ സര്‍ക്കാറിനെ അസ്ഥിരപ്പെടുത്താനുള്ള ബി ജെ പിയുടെ ശ്രമങ്ങള്‍ക്കെതിരെ ഇവിടുത്തെ മഹാത്മാഗാന്ധി പ്രതിമക്കു സമീപം നടത്തിയ പ്രക്ഷോഭ പരിപാടിയില്‍ പങ്കെടുക്കവെയാണ് സിദ്ധാരാമയ്യ ഇക്കാര്യം പറഞ്ഞത്.

Latest