ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Posted on: July 8, 2019 3:22 pm | Last updated: July 8, 2019 at 3:36 pm

തിരുവനന്തപുരം: ആരോഗ്യം, ടൂറിസം, ഐ ടി മേഖലകളില്‍ ഒമാനുമായുള്ള കേരളത്തിന്റെ സഹകരണം ശക്തിപ്പെടുത്തുന്നതിന് നടപടികളുണ്ടാവും. മുഖ്യമന്ത്രി പിണറായി വിജയനുമായി ഒമാനിലെ ഇന്ത്യന്‍ അംബാസഡര്‍ മുനു മഹാവര്‍ തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തു.

ഒമാനിലെ പ്രവാസി സമൂഹത്തില്‍ ഏറ്റവും കൂടുതലുള്ളത് മലയാളികളാണ്. അതുകൊണ്ട് മലയാളികള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ഫലപ്രദമായ ഇടപെടല്‍ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ഇക്കാര്യത്തില്‍ പൂര്‍ണ സഹകരണം ഉണ്ടാകുമെന്ന് അംബാസഡര്‍ ഉറപ്പു നല്‍കി.

ഒമാന്‍ സമ്പദ് ഘടന പടുത്തുയര്‍ത്തുന്നതില്‍ ഇന്ത്യക്കാര്‍, പ്രത്യേകിച്ച് മലയാളികള്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ടൂറിസം, ആരോഗ്യം, ഐ ടി മേഖലകളില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങളുടെ പശ്ചാത്തലത്തില്‍ സഹകരണത്തിന് സാധ്യതയുണ്ടെന്നും അത് കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ രണ്ടു രാജ്യങ്ങള്‍ക്കും പ്രയോജനപ്രദമാകുമെന്നും യോഗം വിലയിരുത്തി. ഈ മേഖലകളിലെല്ലാം കേരളത്തിന് വലിയ മുന്‍കൈ ആണുള്ളത്. അതുകൊണ്ട് ഈ മേഖലകളില്‍ മികച്ച സഹകരണത്തിനുള്ള സാധ്യത ഉറപ്പാക്കാനുള്ള നടപടികള്‍ ഒമാനിലെ ഇന്ത്യന്‍ എംബസിയുടെ ഭാഗത്തു നിന്നുണ്ടാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.