ബാലികയെ ബലികൊടുക്കാന്‍ ശാസ്ത്ര അധ്യാപികയും കുടുംബവും: പോലീസിന്റെ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ടു

Posted on: July 8, 2019 10:59 am | Last updated: July 8, 2019 at 12:43 pm

ഗുവാഹത്തി: അസമിയില്‍ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ പരിഹിക്കാന്‍ മൂന്ന് വയസുകാരിയെ ബലികൊടുക്കാന്‍ ശാസ്ത്ര അധ്യാപികയുടെ കുടുംബത്തിന്റെ ശ്രമം. നാട്ടുകാരില്‍ നിന്ന് വിവരമറിഞ്ഞെത്തിയ പോലീസ് ഇത് തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ശാസ്ത്ര അധ്യാപികയുടെ മകന്‍ പുലകേഷ് സഹാരിയയാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത് ത്. അധ്യാപിക അടക്കം ഏതാനും പേരെ പരുക്കുകളോടെ ഗുവാഹത്തി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസമിലെ ഉദല്‍ഗുരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.

കുടുംബത്തിലെ സ്ത്രീകളടക്കമുള്ളവര്‍ നഗ്‌നരായി മന്ത്രങ്ങള്‍ ഉച്ചരിക്കുന്നെന്നും മൂന്ന് വയസുകാരിയെ ബലികൊടുക്കാന്‍ പോവുകയാണെന്നും നാട്ടുകാര്‍ വിളിച്ച് അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസെത്തിയത്. അധ്യാപികയുടെ സഹോദരന്റെ മൂന്ന് വയസുള്ള മകളെയാണ് ബലികൊടുക്കാന്‍ ശ്രമിച്ചത്.

മൂന്ന് വയസുകാരിയെ നീളമുള്ള വാളുപയോഗിച്ച് കഴുത്തറുത്ത് കൊല്ലാനായി മന്ത്രവാദി ശ്രമിച്ച ഘട്ടത്തില്‍ നാട്ടുകാര്‍ ഇടപെട്ടു. ഇവര്‍ മൂന്ന് വയസുകാരിയെ ബലികൊടുക്കാനുള്ള ശ്രമം പരാജയപ്പെടുത്തി പെണ്‍കുട്ടിയെ രക്ഷിച്ചു. എന്നാല്‍ കുടുംബാംഗങ്ങള്‍ വാളുകളും മഴുവും കല്ലും വടികളും ഉപയോഗിച്ച് നാട്ടുകാരെ ആക്രമിച്ചു. തുടര്‍ന്നാണ് പോലീസെത്തി ഇവരെ നേരിട്ടത്.

മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ ഇവരുടെ കുടുംബത്തില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തിരുന്നു. ഇതിന് ശേഷം പതിവായി ഇവിടെ മന്ത്രവാദം നടന്നുവരുന്നുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞത്. അക്രമാസക്തരായ കുടുംബത്തെ തടയാനാണ് വെടിയുതിര്‍ത്തതെന്ന് പോലീസ് പറഞ്ഞു.