Connect with us

National

ഇറാനിലെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ നീക്കങ്ങള്‍ ഹാമിദ് അന്‍സാരി തകര്‍ത്തെന്ന് ആരോപണം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ രഹസ്യങ്ങള്‍ മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി ചോര്‍ത്തിയെന്ന തരത്തിലുള്ള ഗരുരത ആരോപണവുമായി മുന്‍ റോ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥന്‍ രംഗത്ത്. 1990-91 കാലഘട്ടത്തില്‍ ഹാമിദ് അന്‍സാരി ഇറാനില്‍ അംബാസഡറായിരുന്നപ്പോള്‍ രാജ്യ താത്പര്യത്തിന് എതിരായി പ്രവര്‍ത്തിച്ചെന്നും റോയുടെ രഹസ്യവിവരങ്ങള്‍ പുറത്തുവിട്ട് ഉദ്യോഗസ്ഥരെ അപകടത്തിലാക്കിയെന്നുമാണ് ആരോപണം.

അക്കാലത്ത് ഇറാനില്‍ പ്രവര്‍ത്തിച്ചരുന്ന റോ ഉദ്യോഗസ്ഥനായ എന്‍ കെ സൂദ് ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട് സൂദ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി. റോയില്‍ നിന്ന് 2010ല്‍ വിരമിച്ച ഉദ്യോഗസ്ഥനാണ് സൂദ്.

കശ്മീരിലെ യുവാക്കള്‍ക്ക് ഭീകരപ്രവര്‍ത്തനത്തിന് ഇറാന്‍ സഹായം നല്‍കുന്നത് റോ നിരീക്ഷിക്കുന്ന കാര്യമാണ് അന്‍സാരി ഇറാനുമായി പങ്കുവെച്ചെതെന്നാണ് ആരോപണം. അന്‍സാരിയുടെ നീക്കത്തോടെ ഇറാനിലെ റോ സംവിധാനം തകരാറിലായെന്നും അവരുടെ രഹസ്യാന്വേഷണ ഏജന്‍സിയായ സാവക് ഇത് മുതലെടുത്തുവെന്നും പരാതിയില്‍ സൂദ് പറയുന്നു. ഇന്ത്യന്‍ എംബസിയിലെയും റോയിലെയും ഉദ്യോഗസ്ഥരെ സാവക് തട്ടിക്കൊണ്ടുപോയപ്പോള്‍ അന്‍സാരി യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

മുന്‍ ഐ ബി അഡീഷണല്‍ സെക്രട്ടറി രത്തന്‍ സെയ്ഗാളിനെതിരെയും ആരോപണമുണ്ട്. അന്‍സാരിയും സെയ്ഗാളും റോയുടെ ഗള്‍ഫ് യൂണിറ്റ് തകര്‍ത്തുവെന്നും പരാതിയില്‍ പറയുന്നു. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി ഐ എക്ക് രേഖകള്‍ കൈമാറിയ വിഷയത്തില്‍ സെയ്ഗാളിനെ പിന്നീട് രാജിവെപ്പിക്കുകയായിരുന്നുവെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

---- facebook comment plugin here -----

Latest