ഒഴുക്കില്‍പ്പെട്ട യുവാവും രക്ഷിക്കാനിറങ്ങിയ സുഹൃത്തും മണിമലയാറ്റില്‍ മുങ്ങി മരിച്ചു

Posted on: July 7, 2019 11:42 pm | Last updated: July 8, 2019 at 10:20 am

തിരുവല്ല: മനക്കച്ചിറയിലെ മണിമലയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങി മരിച്ചു. അഗ്‌നിശമന സേനാംഗങ്ങള്‍ നടത്തിയ തിരച്ചിലില്‍ വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. മഞ്ഞാടി ആമല്ലൂര്‍ കാക്കത്തുരുത്ത് സ്വദേശി ഗോകുല്‍(21), കോഴഞ്ചേരി നാരങ്ങാനം സ്വദേശി നിഥിന്‍(21) എന്നിവരാണ് മരിച്ചത്.

അഗ്നിശമന സേന നടത്തിയ തിരച്ചിലില്‍ വൈകിട്ടോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് നാലരയോടെ മണിമലയാറ്റില്‍ മനയ്ക്കച്ചിറ പാലത്തിന് സമീപത്തെ കടവിലായിരുന്നു സംഭവം. മറ്റ് രണ്ട് കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. കുളി കഴിഞ്ഞ് കരയ്ക്ക് കയറിയ ശേഷം വീണ്ടും നദിയിലിറങ്ങിയ ഗോകുല്‍ ഒഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. തുടര്‍ന്ന് ഗോകുലിനെ രക്ഷിക്കാനാങ്ങിയ നിഥിനെയും ഒഴുക്കില്‍പ്പെട്ട് കാണാതായി. ഇരുവരുടെയും മൃതദേഹങ്ങള്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.