സി ബി ഐ അഡീഷണല്‍ ഡയറക്ടര്‍ പദവിയില്‍ നിന്ന് നാഗേശ്വര റാവുവിനെ നീക്കി

Posted on: July 5, 2019 10:28 pm | Last updated: July 6, 2019 at 10:09 am

ന്യൂഡല്‍ഹി: എം നാഗേശ്വര റാവുവിനെ സി ബി ഐ അഡീഷണല്‍ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് നീക്കി. അഗ്നിശമന സേന, സിവില്‍ പ്രതിരോധം, ഹോം ഗാര്‍ഡ് വകുപ്പുകളുടെ തലവനായി അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. പരസ്പരം അഴിമതി ആരോപണങ്ങള്‍ ഉന്നയിച്ച് സി ബി ഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയും ഉപ ഡയറക്ടര്‍ രാകേഷ് അസ്താനയും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ഇരുവരെയും സര്‍ക്കാര്‍ തത്സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു. സി ബി ഐ അഡീഷണല്‍ ഡയറക്ടറായിരുന്ന റാവുവിനെ ജനുവരി 10ന് ഇടക്കാല ഡയറക്ടറായി നിയമിക്കുകയായിരുന്നു.

ഈ വര്‍ഷം ഫെബ്രുവരിയില്‍ ഋഷികുമാര്‍ ശുക്ലയെ പുതിയ സി ബി ഐ ഡയറക്ടറായി നിയമിച്ച സര്‍ക്കാര്‍ റാവുവിനെ പഴയ പദവിയിലേക്കു തന്നെ മാറ്റിയിരുന്നു. ഒഡീഷ കാഡറിലെ 1986 ബാച്ച് ഐ പി എസ് ഓഫീസറായ റാവു രണ്ടു തവണ സി ബി ഐയുടെ ഇടക്കാല ഡയറക്ടറായിട്ടുണ്ട്.