കേന്ദ്ര ബജറ്റ്: പ്രളയാനന്തര പുനര്‍നിര്‍മാണത്തിന് വായ്പാ പരിധി ഉയര്‍ത്തണമെന്ന് കേരളം

Posted on: July 5, 2019 9:11 am | Last updated: July 5, 2019 at 12:36 pm

തിരുവനന്തപുരം: കേരളം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കൂടുതല്‍ ഇളവുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചതായി ധനമന്ത്രി തോമസ് ഐസക്. പ്രളയാനന്തര പുനര്‍നിര്‍മാണം, ദേശീയ പാത വികസനം, പൊതുമേഖലയോടും കാര്‍ഷിക മേഖലയോടുമുള്ള സമീപനം, തൊഴിലില്ലായ്മ പരിഹാരം എന്നീ പ്രധാന ആവശ്യങ്ങളിലാണ് കേരളത്തിന കേന്ദ്ര ബജറ്റിന്റെ പിന്തുണ പ്രധനമായും വേണ്ടതെന്നും ഇക്കാര്യങ്ങലെല്ലാം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വായ്പ എടുക്കാനുള്ള പരിധി ഉയര്‍ത്തണമെന്നും ധനമന്ത്രി കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രളയക്കെടുതിക്ക് പിന്നാലെ നികുതി വരുമാനത്തിലെ ഇടിവും സംസ്ഥാനത്തെ പിടിച്ചുകുലുക്കി. ജിഎസ്!ടി വഴിയുള്ള നികുതി പിരിവിലെ ആശയക്കുഴപ്പം തുടരുകയാണ്. നവകേരള നിര്‍മ്മാണത്തിന് ലോബേങ്ക് , എഡിബി പോലുള്ള വിദേശ ഏജന്‍സിയുടെ സഹായം വേണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം.

അതിനാല്‍ വായ്പ പരിധി ഉയര്‍ത്തണമെന്ന് തോമസ് ഐസക് കേന്ദ്ര ധനകാര്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ആയുര്‍വേദത്തിന് അന്തരാഷ്ട്ര ഗവേണകേന്ദ്രം സംസ്ഥാനത്ത് അനുവദിക്കണമെന്നാണ് മറ്റൊരു പ്രധാന ആവശ്യം. റബ്ബറിന്റെ വിലയിടിവ് നേരിടാന്‍ 200 രൂപ സബ്‌സിഡി അനുവദിക്കുക, ചെന്നൈ ബെംഗളൂരു വ്യവസായ ഇടനാഴി കോയമ്പത്തൂര്‍ വഴി കൊച്ചി വരെ നീട്ടുക, കേരളത്തിന് എയിംസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഇത്തവണയും മുന്നോട്ട് വച്ചിട്ടുണ്ട്. പുതിയ റെയില്‍ പാതക്കും ജലഗതാഗതത്തിനും മലബാര്‍ ക്യാന്‍സര്‍ സെന്ററിനും പണമനുവദിക്കണമെന്നും സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.