കര്‍ണാടകയില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി; അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

Posted on: July 4, 2019 11:33 am | Last updated: July 4, 2019 at 2:32 pm

ബെംഗളൂരു: കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജി
ല്ലയില്‍ പതിനെട്ടുകാരിയായ ദളിത് പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ അഞ്ച് സ്വകാര്യ കോളജ് വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റു ചെയ്തു. 19 വയസ്സുകാരാണ് പ്രതികളെല്ലാമെന്ന് പോലീസ് പറഞ്ഞു. ഇവരെ നേരത്തെ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു.
കൂട്ട ബലാത്സംഗ കുറ്റത്തിനും ദളിത് സംരക്ഷണത്തിനുള്ള കര്‍ശന നിയമങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

ബലാത്സംഗത്തിന്റെ വീഡിയോ ക്ലിപ്പിംഗുകള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പങ്കുവെക്കപ്പെട്ടതോടെയാണ് മാര്‍ച്ചില്‍ നടന്ന സംഭവം വെളിച്ചത്തായത്. പ്രതികളില്‍ നാലുപേര്‍ പെണ്‍കുട്ടിയെ കാറില്‍ ഒരു വനപ്രദേശത്ത് എത്തിച്ച ശേഷം ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മയക്കുമരുന്ന് നല്‍കിയ ശേഷമായിരുന്നു പീഡനം. സംഭവത്തിന്റെ വീഡിയോ ചിത്രീകരിച്ച പ്രതികള്‍ പുറത്തു പറഞ്ഞാല്‍ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വീഡിയോ പുറത്തുവിട്ട കുറ്റമാണ് അഞ്ചാം പ്രതിക്കെതിരെ ചുമത്തപ്പെട്ടിട്ടുള്ളത്.

പ്രതികളില്‍ മൂന്നു പേര്‍ കുട്ടിയെ പീഡിപ്പിച്ചപ്പോള്‍ മറ്റൊരാള്‍ വീഡിയോ ചിത്രീകരിക്കുകയായിരുന്നു. വീഡിയോ ആരും ഷെയര്‍ ചെയ്യരുതെന്നും ആരെങ്കിലും അങ്ങനെ ചെയ്തതായി ശ്രദ്ധയില്‍ പെട്ടാല്‍ പ്രോസിക്യൂട്ട് ചെയ്യുമെന്നും ജില്ലാ പോലീസ് സൂപ്രണ്ട് ബി എം ലക്ഷ്മി പ്രസാദ് മുന്നറിയിപ്പു നല്‍കി.