ഒരുക്കങ്ങൾ പൂർത്തിയായി; ഹജ്ജ് തീര്‍ഥാടകരെ സ്വാഗതം ചെയ്ത് സഊദി അറേബ്യ

Posted on: July 3, 2019 11:51 pm | Last updated: July 4, 2019 at 4:24 pm


മക്ക/മദീന: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ക്കുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സഊദി ഹജ്ജ് മന്ത്രാലയം. ഈ വര്‍ഷം ബംഗ്ലാദേശില്‍ നിന്നുള്ള 365 അംഗ തീര്‍ഥാടക സംഘം ജൂലൈ നാലിന് ജിദ്ദകിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങും. ആദ്യ സംഘത്തെഹജ്ജ് മന്ത്രാലയം, പാസ്‌പോര്‍ട്ട്, സുരക്ഷാ വകുപ്പ്, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിക്കും

ഈ വര്‍ഷം മക്കയിലും മദീനയിലും തീര്‍ഥാടകര്‍ക്ക് താമസ സൗകര്യങ്ങളുടെ ഗുണ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും ജിദ്ധയിലെ ഹജ്ജ് ടെര്‍മിനലില്‍ പൂര്‍ത്തിയായാതായി ജിദ്ദയിലെ കിംഗ് അബ്ദുല്‍ അസീസ് എയര്‍പോര്‍ട്ട് ഡയറക്ടര്‍ ഉസാം ഫുവാദ് നൂര്‍ പറഞ്ഞു.

പതിനൊന്ന് മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ വകുപ്പുകളുമായും സഹകരിച്ച് സൗദി പാസ്സ്പോര്‍ട്ട് വിഭാഗം നടപ്പിലാക്കാക്കിയ ‘മക്ക റോഡ്’ പദ്ധതി പ്രകാരം ഈ വര്‍ഷം ബംഗ്ലാദേശ്, മലേഷ്യ, ടുണീഷ്യ,
ഇന്തോനേഷ്യ, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ഥാടകരുടെ കസ്റ്റംസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതിനാല്‍ വിമാനമിറങ്ങിയ ഉടന്‍ തന്നെ ഇവര്‍ക്ക് താമസസ്ഥലങ്ങളിലേക്ക് പോകാന്‍ സാധിക്കും. കഴിഞ്ഞ വര്‍ഷം ഇന്തോനേഷ്യയിലും മലേഷ്യയിലും മക്കാ റോഡ് പദ്ധതി വിജയകരമായതിനാല്‍ ഈ വര്‍ഷം മൂന്നു രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുകായയിരുന്നു.

ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്കായി ഇന്ത്യയില്‍ നിന്നും ഈ വര്‍ഷം രണ്ട് ലക്ഷം പേരാണ് സഊദിയിലെത്തുന്നത്. 21 എംബാര്‍ക്കേഷന്‍ പോയിന്റുകളില്‍ നിന്നായി 500 വിമാനങ്ങളിലായാണ് ഇവര്‍ യാത്രതിരിക്കുക.

ഇന്ത്യയില്‍ നിന്നുള്ളപ്രഥമ 420 അംഗ തീര്‍ത്ഥാടക സംഘം ഡല്‍ഹിയില്‍ നിന്നും എയര്‍ ഇന്ത്യാ വിമാനത്തില്‍ ജുലൈ നാലിന് മദീന വിമാനത്താവളത്തിലെത്തും. ആദ്യ തീര്‍ഥാടക സംഘത്തെ സഊൗദിയിലെ ഇന്ത്യന്‍ അംബാസിഡര്‍ ഔസാഫ് സയീദ്, ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ മുഹമ്മദ് നൂര്‍ ഷെയ്ഖ് തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥര്‍ സ്വീകരിക്കും. മസ്ജിദുന്നബവിയുടെ സമീപത്തുള്ള അല്‍ മുഖ്താര്‍ ബില്‍ഡിങ്ങിലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്കുള്ള താമസ സൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്.

കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സര്‍വ്വീസ് കരിപ്പൂരില്‍ നിന്നും 7ന് യാത്ര തിരിക്കും. കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ പോയിന്റില്‍ നിന്ന് 11,022 പേരും നെടുമ്പാശ്ശേരിയില്‍ നിന്ന് 2,450 പേരടക്കം 13,472 പേരാണ് ഈ വര്‍ഷം കേരളത്തില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍. കരിപ്പൂരില്‍ നിന്നുള്ള ആദ്യ സംഘം സഊദി എയര്‍ലെന്‍സില്‍ മദീനയിലെത്തുന്നത്. ജിദ്ദയില്‍ നിന്നായിരിക്കും ഇവരുടെ മടക്കയാത്ര ആരംഭിക്കുക.