ശബരിമല യുവതീ പ്രവേശം: ഉടന്‍ നിയമനിര്‍മാണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍

Posted on: July 3, 2019 1:57 pm | Last updated: July 3, 2019 at 11:18 pm

ന്യൂഡല്‍ഹി:സുപ്രീം കോടതിയുടെ ശബരിമല യുവതീപ്രവേശ വിധി മറികടക്കാന്‍ തല്‍ക്കാലം നിയമനിര്‍മാണമില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. ലോക്‌സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടിയായാണ് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ഇക്കാര്യം വ്യക്തമാക്കിയത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും റിവ്യു ഹരജിയില്‍ സുപ്രീം കോടതി വിധി വന്നതിന് ശേഷമെ ഇക്കാര്യത്തില്‍ നടപടിയുണ്ടാകുവെന്നും മന്ത്രി ലോക്‌സഭയില്‍ അറിയിച്ചു. ആചാരസംരക്ഷണത്തിന് എന്‍കെ പ്രേമചന്ദ്രന്‍ എംപി കഴിഞ്ഞ ദിവസം ലോക്‌സഭയില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചിരുന്നു.

ശബരിമലയിലെ ആചാരങ്ങള്‍ നിലനിര്‍ത്താന്‍ വ്യവസ്ഥ ചെയ്യുന്ന ബില്ലാണ് പ്രേമചന്ദ്രന്‍ അവതരിപ്പിച്ചിരുന്നത്. സഭ ഏകകണ്ഠമായാണ് ബില്ലിന് അവതരണാനുമതി നല്‍കിയത്. അതേസമയം, സ്വകാര്യബില്‍ അപൂര്‍ണമാണെന്നും ശബരിമല ആചാര സംരക്ഷണത്തിന് സമഗ്രമായ നിയമനിര്‍മാണം വേണമെന്നും ബിജെപി എം.പി മീനാക്ഷി ലേഖി ആവശ്യപ്പെട്ടിരുന്നു