Connect with us

Gulf

യു എ ഇ യില്‍ 122 വാണിജ്യ രംഗങ്ങളില്‍ നൂറ് ശതമാനം വരെ ഉടമസ്ഥാവകാശം; തീരുമാനം മന്ത്രിസഭയുടെത്

Published

|

Last Updated

ദുബൈ: 13 മേഖലകളിലെ 122 വാണിജ്യ രംഗങ്ങളില്‍ യു എ ഇ നൂറു ശതമാനം വരെ വിദേശ ഉടമസ്ഥാവകാശം പ്രഖ്യാപിച്ചു. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭയാണ് ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്. നിക്ഷേപത്തില്‍ ആഗോള തലത്തില്‍ യു എ ഇ യുടെ സ്ഥാനം ഊട്ടിയുറപ്പിക്കുന്നതിനും വളര്‍ച്ചക്ക് പിന്തുണയേകുന്നതിനുമാണ് ഈ തീരുമാനം.

പുനരുത്പാദക ഊര്‍ജം, ബഹിരാകാശ ഗവേഷണം, കൃഷി, നിര്‍മാണം എന്നിങ്ങനെയുള്ള രംഗങ്ങളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഉത്പന്ന ഗതാഗതം, സംഭരണം, കയറ്റിറക്കുമതി, ഇ കൊമേഴ്സ് ഔഷധ നിര്‍മാണം, ഹോസ്പിറ്റാലിറ്റി, ഭക്ഷ്യ വിതരണം, ശാസ്ത്ര -സാങ്കേതികം, ആരോഗ്യം, വിദ്യാഭ്യാസം, കെട്ടിട നിര്‍മാണം എന്നിങ്ങനെ വിദേശികള്‍ക്ക് സ്വന്തമായി സ്ഥാപനം തുടങ്ങാം. സൗരോര്‍ജ പാനലുകള്‍ വൈദ്യുതി ട്രാന്‍സ്‌ഫോര്‍മറുകള്‍, പരിസ്ഥിതി സൗഹൃദ വൈദ്യുതോര്‍ജം എന്നിവ നിര്‍മിക്കുന്ന വാണിജ്യ സ്ഥാപനങ്ങളുടെ ഓഹരികള്‍ നേടാനും അവസരമുണ്ട്.

എത്ര ശതമാനം വരെ ഉടമസ്ഥാവകാശം നല്‍കാമെന്ന് ഓരോ എമിറേറ്റുകളിലെ ഭരണകൂടങ്ങള്‍ക്ക് തീരുമാനിക്കാം. ഇപ്പോള്‍ മിക്ക എമിറേറ്റുകളിലും സ്വതന്ത്ര വ്യാപാര മേഖലകളുണ്ട്. അതിന് പുറമെയാണ് 122 രംഗങ്ങളില്‍ നൂറു ശതമാനം വരെ ഉടമസ്ഥാവകാശം. യു എ ഇ യിലേക്ക് വന്‍തോതില്‍ വിദേശ നിക്ഷേപം വരാന്‍ ഇത് സാഹചര്യം ഒരുക്കും.

“ഞങ്ങള്‍ക്ക് പുതിയ നിക്ഷേപകരെയും പ്രതിഭകളെയും ആകര്‍ഷിക്കേണ്ടതുണ്ട്. പുതിയ മേഖലകള്‍ തുറക്കാനും വികസിപ്പിക്കാനും ശ്രമിക്കേണ്ടതുണ്ട്.” ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. എം എ യൂസുഫലി, രവിപിള്ള, ഡോ. ആസാദ് മൂപ്പന്‍, ഡോ. ഷംഷീര്‍ വയലില്‍, അദീബ് അഹ്മദ് തുടങ്ങിയ വാണിജ്യ വ്യവസായ പ്രമുഖര്‍ യു എ ഇ തീരുമാനത്തെ സ്വാഗതം ചെയ്തു.

 

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്

---- facebook comment plugin here -----

Latest