Connect with us

Ongoing News

വിജയ് ശങ്കറിന്‌ പരുക്ക്, കളിക്കാനാകില്ല; പകരം മായങ്ക് അഗര്‍വാള്‍ ടീമിലെത്തിയേക്കും

Published

|

Last Updated

ബെര്‍മിംഗ്ഹാം: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വിജയ് ശങ്കറിന്റെ ലോകകപ്പ് അരങ്ങേറ്റത്തിന് നിരാശാജനകമായ പര്യവസാനം. പരിശീലനത്തിനിടെ കാല്‍വിരലിനു പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയുടെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് വിജയ് ശങ്കറിനെ ഒഴിവാക്കി. പകരം മായങ്ക് അഗര്‍വാളിനെ ടീമിലെടുത്തേക്കും. പരിശീലനത്തിനിടെ ജസ്പ്രീത് ബുംറയുടെ ബോളിലാണ് വിജയ്ക്ക് പരുക്കേറ്റത്. അദ്ദേഹത്തിന് വരും മത്സരങ്ങളില്‍ കളിക്കാനാകില്ലെന്നും വീട്ടിലേക്കു മടങ്ങുമെന്നും ബി സി സി ഐയുടെ ഒരുയര്‍ന്ന ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

പരുക്കിനെ തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരവും വിജയ്ക്ക് നഷ്ടമായിരുന്നു. പകരം കളത്തിലിറങ്ങിയ ഋഷഭ് പന്ത് 32 റണ്‍സ് നേടുകയും ചെയ്തിരുന്നു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ആസ്‌ത്രേലിയക്കെതിരെ ഇന്ത്യ നേടിയ ടെസ്റ്റ് പരമ്പര വിജയത്തില്‍ മികച്ച പങ്ക് നിര്‍വഹിച്ചാണ് വിജയ് തന്റെ അന്താരാഷ്ട്ര കരിയറിന് തുടക്കമിട്ടത്. എന്നാല്‍, ലോകകപ്പില്‍ നാലാം നമ്പറില്‍ ശോഭിക്കാന്‍ വിജയ്ക്ക് കഴിഞ്ഞിരുന്നില്ല. പാക്കിസ്ഥാനെതിരായ ആദ്യ മത്സരത്തില്‍ പുറത്താകാതെ 15 റണ്ണെടുക്കാനായതും ആദ്യ പന്തില്‍ തന്നെ വിക്കറ്റെടുക്കാനായതുമാണ് നേട്ടമായി പറയാനുള്ളത്. യഥാക്രമം അഫ്ഗാനിസ്ഥാന്‍, വെസ്റ്റിന്‍ഡീസ് ടീമുകള്‍ക്കെതിരെ 29, 14 റണ്‍സാണ് താരത്തിന് നേടാനായത്.

ഓപ്പണറായ മായങ്കിനെ ടീമിലെടുക്കുമ്പോള്‍ പൊസിഷനിലെ മറ്റൊരു മാറ്റത്തിനും സാധ്യതയുണ്ട്. അടുത്ത് രണ്ട് മത്സരങ്ങളില്‍ ഋഷഭ് പന്ത് പരാജയപ്പെട്ടാല്‍ നാലാം നമ്പറിലേക്ക് തിരിച്ചുവരാന്‍ കെ എല്‍ രാഹുലിന് അവസരമൊരുങ്ങും. മായങ്കിന്റെ പേര് ഐ സി സിയുടെ ടെക്‌നിക്കല്‍ കമ്മിറ്റി അംഗീകരിച്ചാലുടന്‍ താരം ബെര്‍മിംഗ് ഹാമിലേക്കും തുടര്‍ന്ന് ലീഡ്‌സിലേക്കും യാത്ര തിരിക്കും.