Connect with us

Business

മൺസൂൺ ദുർബലം: കാർഷിക മേഖലക്ക് കനത്ത പ്രഹരം

Published

|

Last Updated

കൊച്ചി: മൺസൂൺ ദുർബലമായത് കാർഷിക മേഖലക്ക് കനത്ത പ്രഹരമാകും. കാലവർഷം മുന്നിൽ കണ്ട് കൃഷിയിറക്കിയവർ സാമ്പത്തിക കുരുക്കിലാണ്. മഴയിൽ പ്രതീക്ഷ അർപ്പിച്ചവർ പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന ചിന്തയിലാണ്. വാണിജ്യ മേഖലയെ ഇത് സമീപ ഭാവിയിൽ പ്രതികൂലസാഹചര്യത്തിലാക്കും.

നാളികേരോത്പന്നങ്ങളുടെ വിലയി മാറ്റമില്ലാതെ തുടരുകയാണ്. മാസാരംഭമായതിനാൽ വെളിച്ചെണ്ണക്ക് പ്രദേശിക ഡിമാൻഡ് അനുഭവപ്പെടുമെന്ന കണക്കുകൂട്ടലിലാണ് മില്ലുകാർ. ചെറുകിട വിപണികളിൽ നിന്ന് എണ്ണക്ക് ഡിമാൻഡ് ഉയർന്നാൽ മില്ലുകാർ കൊപ്ര സംഭരിക്കും. കൊച്ചിയിൽ വെളിച്ചെണ്ണ ക്വിന്റലിന് 13,000 രൂപയിലും കൊപ്ര 8,700 രൂപയിലുമാണ്.

കുരുമുളക് ക്ഷാമത്തിനിടയിൽ വില താഴ്ന്നത് സ്‌റ്റോക്കിസ്റ്റുകളെ ആശങ്കയിലാക്കി. കർഷകരുടെ കൈവശം കാര്യമായി ചരക്ക് സ്‌റ്റോക്കില്ല. ജലസേചന സൗകര്യങ്ങളുടെ അപര്യാപ്തത മൂലം പലതോട്ടങ്ങളിലും കുരുമുളക് കൊടികൾ വാടി തുടങ്ങി. ഇതിനിടയിൽ ടെർമിനൽ മാർക്കറ്റിൽ വരവ് ചുരുങ്ങിയ അവസരത്തിലാണ് ഉത്തരേന്ത്യൻ വാങ്ങലുകാർ നിരക്ക് ഇടിച്ചത്. മുളക് വില ക്വിൻറലിന് 600 രൂപ ഇടിഞ്ഞ് ഗാർബിൾഡ് കുരുമുളക് 35,900 രൂപയായി. അന്താരാഷ്ട്ര മാർക്കറ്റിൽ ഇന്ത്യൻ നിരക്ക് ടണ്ണിന് 5400 ഡോളറാണ്.

ഏലം കർഷകരുടെ കൈവശം വലിപ്പം കൂടിയ ചരക്ക് സ്‌റ്റോക്കില്ല. ഇടത്തരം ചരക്ക് ഉത്പാദിപ്പിച്ചവർ ഇതിനകം തന്നെ വലിയൊരു പങ്ക് വിറ്റു. കഴിഞ്ഞ വാരം മികച്ചയിനം റെക്കോർഡായ 5743 രൂപയിൽ ലേലം കൊണ്ടു. കയറ്റുമതി മേഖലയിൽ നിന്നും ആഭ്യന്തര വ്യാപാരികളിൽ നിന്നും ഏലത്തിന് ഡിമാൻഡ് ശക്തമാണ്.
സംസ്ഥാനത്ത് റബ്ബർ ടാപ്പിംഗ് പുനരാരംഭിച്ചെങ്കിലും വിപണികളിൽ പുതിയ ചരക്ക് വരവ് നാമമാത്രം. ജൂലൈ മധ്യത്തോടെ ഷീറ്റും ലാറ്റക്‌സും എത്തി തുടങ്ങുമെന്ന നിഗമനത്തിലാണ് വ്യാപാര മേഖല. ടയർ കന്പനികൾ നാലാം ഗ്രേഡ് 15,100 രൂപക്കും അഞ്ചാം ഗ്രേഡ് 14,900 രൂപക്കും ശേഖരിച്ചു. തായ്‌ലാൻഡിൽ റബ്ബർ ടാപ്പിംഗ് സീസണിന് തുടക്കമായി. ആഗോള തലത്തിൽ ഏറ്റവും കുടുതൽ റബ്ബർ ഉത്പാദിപ്പിക്കുന്ന അവർ ഈമാസം പുതിയ ഷീറ്റ് ഇറക്കുമെന്നാണ് അവിടെ നിന്നുള്ള സുചന. പഴയ ചരക്ക് വിപണിയിൽ ഇറക്കാൻ സ്‌റ്റോക്കിസ്റ്റുകൾ നടത്തിയ നീക്കത്തെ തുടർന്ന് നാലാം ഗ്രേഡിന് തുല്യമായ റബ്ബർ വില ക്വിൻറ്റലിന് 14,203 രൂപയിൽ നിന്ന് 14,037 രൂപയായി.

അറബ് രാജ്യങ്ങളിൽ നിന്ന് ചുക്കിന് അന്വേഷണങ്ങളെത്തി. ക്രിസ്‌തുമസ് വരെയുള്ള കാലയളവിലെ ആവശ്യങ്ങൾക്കുള്ള ചരക്കിനാണ് ഇറക്കുമതിക്കാർ രംഗത്തെത്തിയത്. യുറോപ്പിൽ നിന്നും അന്വേഷണങ്ങൾ എത്തിയെന്നാണ് വിവരം. മഴ ആരംഭിക്കുന്നതോടെ ഉത്തരേന്ത്യയിൽ നിന്നും ചുക്കിന് ഓർഡറുകൾ പ്രതീക്ഷിക്കാം. കൊച്ചിയിൽ മീഡിയം ചുക്ക് 25,500 രൂപയിലും ബെസ്റ്റ് ചുക്ക് 26,500 രൂപയിലുമാണ്.

സ്വർണം റെക്കോർഡ് വിലയിലെത്തിയിട്ടുണ്ട്. ആഭരണ വിപണികളിൽ പവൻ 25,200 ൽ നിന്ന് 25,680 ലേക്ക് കുതിച്ച ശേഷം വാരാവസാനം 25,160 രൂപയിലാണ്. ഒരുഗ്രാമിന് വില 3,145 രൂപ. ലണ്ടനിൽ ഔൺസിന് 1,399 ഡോളറിൽ നിന്ന് 1,439 ഡോളർ വരെ കയറി. മാർക്കറ്റ് ക്ലോസിംഗ് വേളയിൽ സ്വർണം 1,409 ഡോളറിലാണ്.

---- facebook comment plugin here -----

Latest