Connect with us

National

ജല സംരക്ഷണത്തിന് ഊന്നല്‍ നല്‍കി പ്രധാന മന്ത്രിയുടെ 'മന്‍ കി ബാത്ത്-2'

Published

|

Last Updated

ന്യൂഡല്‍ഹി: രണ്ടാം വട്ടം പ്രധാന മന്ത്രിയായി അധികാരമേറ്റ ശേഷം നടത്തിയ ആദ്യ മന്‍ കി ബാത്തില്‍ ശ്രോതാക്കളോട് മൂന്ന് അഭ്യര്‍ഥനകളുമായി മോദി. എന്‍ ഡി എ സര്‍ക്കാറിന്റെ പ്രധാന പദ്ധതികളിലൊന്നായ സ്വച്ഛ മിഷന്റെ ഭാഗമായുള്ള ജലസംരക്ഷണ ദൗത്യത്തിന് ജനകീയ മുന്നേറ്റം സംഘടിപ്പിക്കണമെന്നാണ് ഇതില്‍ ആദ്യത്തെത്. ജല സംരക്ഷണത്തിനായി തലമുറകള്‍ കൈമാറി വന്ന പരമ്പരാഗത അറിവുകള്‍ പകര്‍ന്നു നല്‍കണമെന്നതാണ് രണ്ടാമത്തെത്. വിഷയത്തില്‍ സവിശേഷമായ ദേശീയ രേഖയുണ്ടാക്കുന്നതിന് ജല സംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വ്യക്തികളുടെയും സംഘടനകളുടെയും പേരുകള്‍ നല്‍കണമെന്ന അഭ്യര്‍ഥനയും പ്രധാന മന്ത്രി മുന്നോട്ടു വച്ചു. ദൗത്യവുമായി ബന്ധപ്പെട്ടുള്ള ട്വിറ്ററിലെ #ജന്‍ശക്തി # ജല്‍ശക്തി എന്ന ഹാഷ് ടാഗിലൂടെ വിവരങ്ങള്‍ കൈമാറണം.

ജലസംരക്ഷണത്തിന് സര്‍ക്കാര്‍ നല്‍കുന്ന പ്രാധാന്യം ഊന്നിപ്പറഞ്ഞ മോദി പ്രത്യേക ജല മന്ത്രാലയം തന്നെ രൂപവത്കരിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ സഹകരണത്തില്‍ക്കൂടി മാത്രമെ പ്രതിസന്ധി മറികടക്കാനാവൂ എന്ന് വ്യക്തമാക്കി. തമിഴ്‌നാട്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളുള്‍പ്പടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങള്‍ കടുത്ത ജലക്ഷാമവും വരള്‍ച്ചയും അഭിമുഖീകരിക്കുന്നതിനിടെയാണ് പ്രധാന മന്ത്രിയുടെ സന്ദേശം.

നേരത്തെ, തന്റെ കേദാര്‍നാഥ് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങള്‍ക്കും മോദി മറുപടി നല്‍കി. കേദാര്‍നാഥ് യാത്ര തനിക്ക് വ്യക്തിപരമായി കിട്ടിയ അവസരമായിരുന്നുവെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കി.