രാജ്കുമാറിന് ക്രൂര മര്‍ദനമേറ്റു; കസ്റ്റഡിയില്‍ വച്ചാണോയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ അന്വേഷണം

Posted on: June 30, 2019 12:57 pm | Last updated: June 30, 2019 at 7:44 pm

കോട്ടയം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന് ക്രൂര മര്‍ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തുടയിലും കാല്‍വെള്ളയിലും മറ്റും കാണപ്പെട്ട മുറിവുകളും ചതവുകളും ഉരുട്ടല്‍ ഉള്‍പ്പടെയുള്ള മര്‍ദന മുറകള്‍ക്ക് രാജ്കുമാര്‍ വിധേയനായതാണ് വ്യക്തമാക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.15 മുറിവുകളും ഏഴ് ചതവുകളുമാണ് രാജ്കുമാറിന്റെ ദേഹത്ത് കണ്ടെത്തിയത്. ഈ സാഹചര്യത്തിലും മുറിവുകളുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കാന്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്താനും രാജ്കുമാറിനെ പരിശോധിച്ച മുഴുവന്‍ ഡോക്ടര്‍മാരുടെയും മൊഴിയെടുക്കാനുമാണ് ക്രൈം ബ്രാഞ്ചിന്റെ തീരുമാനം.

മരണത്തിന് കാരണമായത് ന്യൂമോണിയ ആണെങ്കിലും കൃത്യമായി ഭക്ഷണം പോലും നല്‍കാതെ മര്‍ദിച്ചതാകാം ന്യൂമോണിയ ബാധിക്കാന്‍ ഇടയാക്കിയതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.