മന്‍ കി ബാത്തുമായി മോദി വീണ്ടും; പരിപാടി ഇന്ന് പുനരാരംഭിക്കും

Posted on: June 30, 2019 10:37 am | Last updated: June 30, 2019 at 3:13 pm

ന്യൂഡല്‍ഹി: പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ‘മന്‍ കി ബാത്ത്’ റേഡിയോ പരിപാടി ഇന്ന് പുനരാരംഭിക്കും. തുടര്‍ച്ചയായി രണ്ടാം തവണ പ്രധാന മന്ത്രിയായി അധികാരമേറ്റ ശേഷമുള്ള ആദ്യ മന്‍ കി ബാത്ത് ആയിരിക്കുമിത്. ഫെബ്രുവരിയിലാണ് ഏറ്റവുമവസാനം മോദി മന്‍ കി ബാത്തില്‍ സംസാരിച്ചത്. ജൂണ്‍ 30ന് രാവിലെ 11ന് പ്രക്ഷേപണം പുനരാരംഭിക്കുമെന്ന് ജൂണ്‍ 15ന് മോദി ട്വീറ്റ് ചെയ്തിരുന്നു.

‘ജൂണ്‍ 30ന് ഞായറാഴ്ച രാവിലെ 11ന് നാം വീണ്ടും നമുക്ക് ഒത്തുചേരാം. രാജ്യത്തെ 130 കോടി വരുന്ന ജനങ്ങളുടെ ഐക്യം കൊണ്ടാടുന്നതിനും ഉല്ലാസവും ക്രിയാത്മകതയും പകരുന്നതിനും റേഡിയോയോട് നന്ദി പറയുന്നു. മന്‍ കി ബാത്തില്‍ നിങ്ങള്‍ക്ക് ഒരുപാട് പറയാനുണ്ടാകുമെന്ന് എനിക്കറിയാം. നാമോ ആപ്പ് ഓപ്പണ്‍ ഫോറത്തിലൂടെ അത് പങ്കിട്ടാലും- ഇതായിരുന്നു മോദിയുടെ ട്വീറ്റ്.

മാസം തോറും അവസാനത്തെ ഞായറാഴ്ചകളില്‍ സംപ്രേഷണം ചെയ്യുന്ന മന്‍ കി ബാത്തിലേക്ക് ജനങ്ങളില്‍ നിന്ന് നിര്‍ദേശങ്ങളും ആശയങ്ങളും മറ്റുമാണ് സ്വീകരിച്ചു വരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ മികച്ച പ്രകടനത്തിലൂടെ അധികാരത്തിലെത്തിയ ശേഷം പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയും സാധ്യതകളെല്ലാം ഉപയോഗിച്ചും മോദിയുടെ റേഡിയോ പരിപാടി കൂടുതല്‍ ജനങ്ങളിലേക്കെത്തിക്കാനാണ് ബി ജെ പി പദ്ധതിയിടുന്നത്. ഈ ലക്ഷ്യം മുന്‍നിര്‍ത്തി നല്ല റേഡിയെ സെറ്റുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ തലത്തിലെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക്‌നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജനങ്ങളോടും പാര്‍ട്ടി പ്രവര്‍ത്തകരോടും ഒപ്പമിരുന്ന് പരിപാടി കേള്‍ക്കാനും ബി ജെ പി നേതാക്കള്‍ തീരുമാനിച്ചിട്ടുണ്ട്.