Connect with us

National

മസ്തിഷ്‌ക ജ്വരത്തിന് കാരണം ആസ്ബസ്റ്റോസെന്ന് പഠനം

Published

|

Last Updated

പാറ്റ്‌ന: ബിഹാറിൽ മസ്തിഷ്‌ക ജ്വരം ബാധിച്ച് 150ൽപരം കുഞ്ഞുങ്ങൾ മരിച്ചതിന് ആസ്ബസ്റ്റോസ് വീടുകളും കാരണമായെന്ന് പുതിയ പഠനം. എയിംസിൽ നിന്നുള്ളവരുൾപ്പെടെയുള്ള വൈദ്യ സംഘം സംഭവത്തെ കുറിച്ച് നടത്തിയ പഠനത്തിലാണ് പുതിയ വെളിപ്പെടുത്തലുകൾ. കുട്ടികളെ മുസാഫർപൂരിലെ ശ്രീകൃഷ്ണ ആശുപത്രിയിൽ വെച്ച് ചികിത്സിച്ചിരുന്ന ഇവർ രോഗബാധിതരുടേതുൾപ്പെടെയുള്ള 289 വീടുകൾ സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഇതിൽ 280 വീടുകളും ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുടേതാണെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കനത്ത ചൂടിനും പോഷകാഹാരക്കുറവിനും പുറമെ ആസ്ബസ്റ്റോസ് ഷീറ്റുകൾ മേഞ്ഞ വീടുകളിൽ താമസിക്കുന്നതുമാകാം അസുഖത്തിന് കാരണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. രോഗത്തിന്റെ പ്രഭവ കേന്ദ്രമായ മുസാഫർപൂരിലെ കുട്ടികളിൽ ഭൂരിപക്ഷവും ജപ്പാൻ ജ്വരത്തിനെതിരെയുള്ള പ്രതിരോധ കുത്തിവെപ്പെടുത്തിട്ടില്ല. രോഗബാധിതരിൽ പലർക്കും പോഷണപരമായ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ഡോക്്ടർമാർ പറയുന്നു. കോശങ്ങളിലെ ഊർജ സ്രോതസ്സായ മൈറ്റോകോൺട്രിയയുടെ പ്രശ്‌നങ്ങൾ ഇവരിൽ കണ്ടെത്തി. തത്ഫലമായി ശരീരത്തിലെ കോശങ്ങൾ വേണ്ട വിധത്തിൽ പ്രവർത്തിക്കാതിരിക്കുകയും വിവിധ ഇന്ദ്രിയങ്ങളുടെ പ്രവർത്തനം നിലക്കുകയും തുടർന്ന് മരണത്തിലേക്ക് നീങ്ങുകയുമാണ് ചെയ്യുന്നതെന്ന് ഡോക്ടർമാർ വിശദീകരിക്കുന്നു.

ശക്തമായ ചൂടുള്ള പ്രദേശത്ത് ആസ്്ബസ്റ്റോസിട്ട വീടുകളിൽ താമസിക്കുന്ന കുട്ടികളിൽ വലിയ ആരോഗ്യ പ്രശ്‌നങ്ങളും പോഷണക്കുറവും കണ്ടെത്തി. ആസ്്ബസ്റ്റോസ് വീടുകളായതിനാൽ പകൽ മാത്രമല്ല രാത്രിയും ചൂട് നേരിടേണ്ടിവരുന്നത് ഇവരുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്്. ആശുപത്രിയിലായ കുട്ടികളിൽ ഭൂരിപക്ഷത്തിനും കൃത്യമായി റേഷനും നിയമപ്രകാരം മാർച്ച് മുതൽ വിതരണം ചെയ്യേണ്ടിയിരുന്ന ഒ ആർ എസും ലഭിച്ചിരുന്നില്ല. ശുദ്ധമായ കുടിവെള്ളം പോലും പലർക്കും ലഭ്യമായിരുന്നില്ലെന്ന കണ്ടെത്തൽ ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ ദയനീയത വിളിച്ചോതുന്നതാണ്.

പ്രാഥമിക റിപ്പോർട്ടുകളിൽ ലിച്ചിപ്പഴമാണ് ദുരന്തത്തിന്റെ പ്രഭവകേന്ദ്രം എന്ന നിലക്കായിരുന്നു വാർത്തകൾ വന്നിരുന്നത്. അക്യൂട്ട് എൻസെഫലൈറ്റിസ് സിൻഡ്രോം എന്ന അവസ്ഥയാണ് കുട്ടികളുടെ മരണത്തിനു പ്രധാന കാരണം. പോഷകാഹാരക്കുറവുള്ള, 10 വയസ്സിന് താഴെയുള്ള കുട്ടികളുടെ മസ്തിഷ്‌കത്തിന് ബാധിക്കുന്ന അസുഖമാണിത്. ഈ രോഗബാധ പെട്ടെന്ന് കണ്ടെത്താൻ സാധിച്ചു കൊള്ളണമെന്നില്ല. ഇത് രോഗത്തിന്റെ തീവ്രത വർധിപ്പിക്കുന്നതാണ്. ഇവരെ ചികിത്സിക്കാനാവശ്യമായ ഡോക്ടർമാർ ലഭ്യമല്ലാത്ത അവസ്ഥയുമുണ്ട് ബിഹാറിലെന്ന് റിപ്പോർട്ട് പറയുന്നു.