‘നെഞ്ചോട് ചേര്‍ത്ത് പിടിക്കും ആ ധീരതയെ; അതിനെ നിങ്ങള്‍ വ്യക്തി പൂജയോ, ആരാധനയായോ എന്ത് കണ്ടാലും ഞങ്ങള്‍ക്കൊരു ചുക്കുമില്ല’- നിലപാട് ആവര്‍ത്തിച്ച് പി ജെ ആര്‍മി

Posted on: June 29, 2019 7:50 pm | Last updated: June 29, 2019 at 10:49 pm

കണ്ണൂര്‍: നേതൃത്വത്തിലെ ഒരു വിഭാഗം എതിര്‍പ്പ് തുടരുകയും പി ജയരാജന്‍ നേരിട്ട് തന്റെ പേര് ഉപയോഗിച്ചുള്ള സോഷ്യല്‍ മീഡിയ പ്രവര്‍ത്തനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നിലപാട് മാറ്റാതെ പി ജെ ആര്‍മി. പി ജെ ആര്‍മിയുടേതായുള്ള ഫേസ്ബുക്ക് പേജില്‍ ഏറ്റവും പുതിയതായി വന്ന പോസ്റ്റിലും പി ജയരാജനുള്ള പിന്തുണയും സ്‌നേഹവും ഉയര്‍ത്തിപ്പിടിക്കുന്നു.

ഞങ്ങള്‍ക്ക് അരോടെങ്കിലും കടപ്പാട് ഉണ്ടെങ്കില്‍ അത് ഈ പാര്‍ട്ടിക്ക് വേണ്ടി രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന രക്തസാക്ഷികളോടും,ശത്രു വര്‍ഗത്തിന്റെ അക്രമങ്ങള്‍ ഏല്‍പ്പിച്ച അവശതകള്‍ പേറി ജീവിക്കുന്ന ഞങ്ങളുടെ ജീവിച്ചിരിക്കുന്ന രക്തസാക്ഷി പുഷ്പ്പട്ടനോടും പി ജയരാജേട്ടനെ പോലെയുള്ള സഖാക്കളോടും, പാര്‍ട്ടിക്ക് വേണ്ടി നാടുകടത്തപ്പെട്ട കാരായി സഖാക്കളോടമാണ്. അവര്‍ക്കെതിരെ ഭൂര്‍ഷാ മാധ്യമങ്ങളും ശത്രു വര്‍ഗങ്ങളും കുപ്രചരണങ്ങള്‍ നടത്തുമ്പോള്‍ നിശബ്ദരായിരിക്കാന്‍ ഞങ്ങള്‍ ഒരുക്കമല്ല. മരിക്കുന്ന നാള്‍ വരെ നേഞ്ചോട് ചേര്‍ത്ത് പിടിക്കും. ആ ധീരതയെ, അതിനെ നിങ്ങള്‍ വ്യക്തി ആരാധാനയായും വ്യക്തിപൂജയായും കണ്ടാലും. ഞങ്ങള്‍ക്കൊരു ചുക്കുമില്ലെന്നും പി ജെ ആര്‍മിയുടെ ഫേസ്ബുക്ക് പേജില്‍ പറയുന്നു.