ഇന്ത്യന്‍ ടീമിന്റെ പുതിയ എവേ ജഴ്‌സി പ്രദര്‍ശിപ്പിച്ചു; പ്രണയം നീല ജഴ്‌സിയോട് മാത്രമെന്ന് കോലി

Posted on: June 29, 2019 5:02 pm | Last updated: June 29, 2019 at 7:24 pm

ലണ്ടന്‍: ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പുതിയ എവേ ജഴ്‌സി നായകന്‍ വിരാട് കോലി മാധ്യമങ്ങള്‍ക്കു മുമ്പില്‍ പ്രദര്‍ശിപ്പിച്ചു. വെള്ളിയാഴ്ച ജഴ്‌സിയുടെ ചിത്രങ്ങള്‍ ബി സി സി ഐ പുറത്തുവിട്ടിരുന്നു. എന്നാല്‍, സ്ഥിരമായി ധരിച്ചു വരുന്ന നീല ജഴ്‌സിയോടുള്ള പ്രണയം കോലി മറച്ചുവച്ചില്ല. നീല ജഴ്‌സിയെ ടീമംഗങ്ങള്‍ അഭിമാനമായി കാണുന്നതെന്നു പറഞ്ഞ ഇന്ത്യന്‍ നായകന്‍, പ്രധാന ടൂര്‍ണമെന്റുകളിലെ ഒന്നോ രണ്ടോ മത്സരങ്ങളില്‍ മാത്രം പുതിയ ജഴ്‌സി ഉപയോഗിക്കുകയാവും നന്നാവുകയെന്ന് വ്യക്തമാക്കി.

മുന്‍ഭാഗത്ത് കടും നീലയും ഷോള്‍ഡറിലും കൈകളിലും വശങ്ങളിലും പിന്‍ഭാഗത്തുമെല്ലാം ഓറഞ്ചും നിറത്തിലുള്ള ജഴ്‌സിയാണ് പുറത്തിറക്കിയത്. നീല നിറമുള്ള ഭാഗത്ത് രണ്ട് വശങ്ങളിലായി ബി സി സി ഐയുടെയും ലോകകപ്പിന്റെയും ലോഗോകളും പതിച്ചിട്ടുണ്ട്. ആതിഥേയരായ ഇംഗ്ലണ്ടുമായി ഞായറാഴ്ച നടക്കുന്ന മത്സരത്തിലാണ് ഇന്ത്യ ആദ്യമായി പുതിയ ജഴ്‌സിയില്‍ പ്രത്യക്ഷപ്പെടുക. ഇംഗ്ലണ്ട് ആകാശനീല നിറത്തിലുള്ള ജഴ്‌സി അണിഞ്ഞ് കളിക്കുന്നതിനാലാണ് ഇന്ത്യക്ക് ഈ മത്സരത്തില്‍ വ്യത്യസ്ത ജഴ്‌സി അണിയേണ്ടി വരുന്നത്.