നിര്‍ബന്ധിച്ച് എന്‍ട്രന്‍സ് പരിശീലനത്തിനയച്ചു;ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥി ആശുപത്രി കെട്ടിടത്തില്‍നിന്നും ചാടി മരിച്ചു

Posted on: June 29, 2019 2:53 pm | Last updated: June 29, 2019 at 4:12 pm

കൊല്ലം: ആത്മഹത്യ ശ്രമത്തിനിടെ പരുക്കേറ്റ് സ്വകാര്യ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന വിദ്യാര്‍ഥി ആശുപത്രി കെട്ടിടത്തില്‍നിന്നും ചാടി മരിച്ചു. കൊല്ലം പന്മന സ്വദേശി ഖൈസ് ബഷീറാണ് മരിച്ചത്. കഴുത്തിലെ ഞരമ്പ് മുറിച്ച നിലയില്‍ കഴിഞ്ഞ ദിവസമാണ് ഖൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഖൈസ് പ്ലസ് ടുവരെ ബഹ്‌റൈനിലാണ് പഠിച്ചത്. തുടര്‍ന്ന് ഇയാളെ മാതാപിതാക്കള്‍ നാട്ടിലെത്തിച്ച് മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് പരിശീലനത്തിന് ചേര്‍ത്തു. എന്നാല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് താല്‍പര്യമില്ലാതിരുന്ന ഖൈസ് സമ്മര്‍ദം താങ്ങാനാകാതെ കഴുത്തിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. റോഡരികില്‍ ചോരയൊലിപ്പിച്ച നിലയില്‍ കണ്ടെത്തിയ ഖൈസിനെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. അപകടനില തരണം ചെയ്ത ഖൈസിന് ശനിയാഴ്ച കൗണ്‍സിലിങ്ങിന് വിധേയനാക്കി. ഇതിനിടെയാണ് ആശുപത്രിയിലെ നാലാം നിലയില്‍നിന്നും ചാടിയത്.