വിവിധ ബോധവത്കരണ പരിപാടികളോടെ യു എ ഇയില്‍ ലഹരി വിരുദ്ധ ദിനാചരണം

Posted on: June 27, 2019 9:12 pm | Last updated: June 27, 2019 at 9:12 pm

ദുബൈ: അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വൈവിധ്യമാര്‍ന്ന പരിപാടികളൊരുക്കി അധികൃതര്‍. യു എ ഇയില്‍ മയക്കുമരുന്നുപയോഗം ഇല്ലാതാക്കുന്നതിന് കടുത്ത നിയമങ്ങളും കൃത്യമായ ബോധവത്കരണ പരിപാടികളും ഒരുക്കിയാണ് അധികൃതര്‍ മുന്നോട്ടുപോകുന്നത്. ചെറുപ്പക്കാരില്‍ മയക്കുമരുന്ന് ഉപയോഗം വര്‍ധിച്ചുവരുന്നതായുള്ള പഠന റിപ്പോര്‍ട്ടുകള്‍ പരിഗണിച്ച് അവയുടെ എല്ലാ വകഭേദങ്ങളും തിരിച്ചറിഞ്ഞ് അവക്കെതിരെ കൂട്ടായ ചെറുത്ത് നില്‍പ് വളര്‍ത്തുന്നതിന്റെ ഭാഗമായിട്ടുകൂടിയാണ് അന്താരാഷ്ട്ര മയക്കുമരുന്ന് ദിനത്തില്‍ അധികൃതര്‍ വൈവിധ്യമാര്‍ന്ന പരിപാടികള്‍ ഒരുക്കിയത്.

തലമുറയെ കാര്‍ന്നു തിന്നുന്ന മയക്കുമരുന്നിനെതിരെ സമൂഹത്തിന്റെ യോജിച്ച നീക്കമുണ്ടാകണമെന്ന് അധികൃതര്‍ ഓര്‍മപ്പെടുത്തി. പൊതുസമൂഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടക്കം എല്ലാ വിഭാഗം ജനങ്ങളുടെയും കൂട്ടായ ശ്രമത്തിലൂടെ മാത്രമേ ഇതിനെ പ്രതിരോധിക്കാനാവൂ. ശക്തമായ നിയമസംവിധാനമാണ് യു എ ഇ ഒരുക്കിയിട്ടുള്ളതെങ്കിലും അതിലൂടെ മാത്രം ഈ വിപത്തിനെ നേരിടാന്‍ സാധിക്കില്ലെന്നും സാമൂഹിക അവബോധം സൃഷ്ടിക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടി.

നമ്മുടെ കുടുംബം നമ്മുടെ ഭാവി- നോ ടു ഡ്രഗ്‌സ് എന്ന ശീര്‍ഷകത്തില്‍ മൂന്ന് ദിവസത്തെ പരിപാടികളാണ് ദുബൈ പോലീസ് ഒരുക്കിയത്. മിര്‍ദിഫ് സിറ്റി സെന്ററില്‍ ദുബൈ പോലീസ് മേധാവി മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റി ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു. നാളെ വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ ഇവിടെ പ്രത്യേക പരിപാടികള്‍ നടക്കും.

നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ വികസിപ്പിച്ചെടുത്ത ഹിമായ ആപ്, ഹിമായ സെല്‍ഫി തുടങ്ങിയവ സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു.

ഷാര്‍ജ പോലീസ് ആന്റി നാര്‍കോടിക് വിഭാഗത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഗമവും പരിപാടികളും ഒരുക്കി. ഡെപ്യൂട്ടി കമാന്‍ഡര്‍ ജനറല്‍ ബ്രിഗേഡിയര്‍ ജനറല്‍ അബ്ദുല്ല മുബാറക് ബിന്‍ ആമിര്‍ ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്തു.
റാസ് അല്‍ ഖൈമ പോലീസ് മേധാവി മേജര്‍ ജനറല്‍ അലി അബ്ദുല്ല ബിന്‍ അല്‍വാന്‍ റാസ് അല്‍ ഖൈമയിലെ ലഹരി വിരുദ്ധ ദിനാചരണ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.