Connect with us

International

യുഎസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ധിപ്പിച്ച നടപടി ഇന്ത്യ പിന്‍വലിക്കണം: ട്രംപ്

Published

|

Last Updated

സിംഗപ്പൂര്‍: യുഎസ് ഉത്പന്നങ്ങള്‍ക്ക് എക്‌സൈസ് തീരുവ കൂട്ടിയ നടപടി ഇന്ത്യ പിന്‍വലിക്കണമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നികുതി വര്‍ധന അംഗീകരിക്കാനാകില്ലെന്നും ഇക്കാര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയെ അറിയിക്കുമെന്നും ട്രംപ് ട്വീറ്റ് ചെയ്തു. ജി20 ഉച്ചകോടിക്കിടെ നാളെ നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ട്രംപിന്റെ ട്വീറ്റ്. വര്‍ഷങ്ങളായി ഉയര്‍ന്ന നികുതിയാണ് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഈടാക്കുന്നത്. അടുത്തിടെ അത് വീണ്‍്ടും വര്‍ധിപ്പിച്ചു. ഇത് അംഗീകരിക്കാനാകില്ല. വര്‍ധന പിന്‍വലിക്കണം – ട്വീറ്റില്‍ ട്രംപ് വ്യക്തമാക്കി.

അമേരിക്കയുടെ 29 ഉത്പന്നങ്ങള്‍ക്കാണ് ഇന്ത്യ നികുതി വര്‍ധിപ്പിച്ചത്. ആല്‍മണ്ട്, വാള്‍നട്ട്, പയര്‍വര്‍ഗങ്ങള്‍ തുടങ്ങിയവ ഇതില്‍പെടും. ഇന്ത്യക്ക് നല്‍കിവന്നിരുന്ന വ്യാപാര ഇളവുകള്‍ അമേരിക്ക പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. നേരത്തെ ഇന്ത്യയെ താരിഫ് കിംഗ് എന്ന് വിശേഷിപ്പിച്ച ട്രംപ് ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്കും ഉയര്‍ന്ന നികുതി ഉയര്‍ത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. ഇതിന് പിന്നാലെ നരേന്ദ്ര മോദി വീണ്ടും അധികാരത്തില്‍ വന്നതിന് ഉടനെയാണ് വ്യാപാര ഇളവുകള്‍ യുഎസ് പിന്‍വലിച്ചത്.

ജി-20 ഉച്ചകോടിക്കിടെ ഇരു നേതാക്കളും നാളെ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തും. നരേന്ദ്ര മോദി രണ്ടാം തവണയും അധികാരത്തില്‍ വന്നതിന് ശേഷം ട്രംപുമായുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. അടുത്തിടെ യുഎസ് വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായായിരുന്നു അദ്ദേഹത്തിന്റെ കൂടിക്കാഴ്ച.