മൂന്ന് മാസത്തിനുള്ളില്‍ അബുദാബി, ദുബൈ നഗരത്തിലെത്തിയത് 60 ലക്ഷം സഞ്ചാരികള്‍

Posted on: June 26, 2019 1:38 pm | Last updated: June 26, 2019 at 1:38 pm

അബുദാബി : ഈ വര്‍ഷം ആദ്യത്തെ മൂന്ന് മാസത്തില്‍ അബുദാബി ദുബൈ നഗരത്തിലെത്തിയത് 60 ലക്ഷം സന്ദര്‍ശകര്‍. യുഎഇ സെന്‍ട്രല്‍ ബാങ്കിന്റെ കണക്ക് പ്രകാരം സന്ദര്‍ശകരുടെ എണ്ണത്തില്‍ 1.8 ശതമാനം വളര്‍ച്ച കൈവരിച്ചു. ജനുവരി മുതല്‍ മാര്‍ച്ച് വരെ ദുബായില്‍ 40.75 ലക്ഷം സന്ദര്‍ശകരെത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ദുബൈയില്‍ 40.65 ലക്ഷമായിരുന്നു. ഇതേ കാലയളവില്‍ അബുദാബിയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം 10.28 ലക്ഷത്തില്‍ നിന്ന് 10.29 ലക്ഷമായി ഉയര്‍ന്നു.

സി.ബി.യു.എ. ഇ.യുടെ കണക്കുകള്‍ പ്രകാരം, തലസ്ഥാനത്തെ ഹോട്ടലുകളില്‍ താമസിക്കുന്നവര്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 0.5 ശതമാനം ഉയര്‍ന്നു. ഈ കാലയളവില്‍ ദുബൈ സന്ദര്‍ശിച്ച 52 ശതമാനം സഞ്ചാരികളും എമിറേറ്റ്‌സ് ഹോട്ടലുകളില്‍ താമസിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് ജനുവരി മുതല്‍ മാര്‍ച്ച് വരെ ദുബൈയിലെ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായി. നിരന്തരമായ കിഴിവുകളുടെയും ഓഫറുകളുടെയും ഫലമായി എമിറേറ്റ്‌സ് ഹോട്ടല്‍ വരുമാനം കൂടി. ഓരോ മുറിയിലും സഞ്ചാരികളായിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു യൂറോപ്പില്‍ നിന്നുള്ള സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചു. 27.1 ശതമാനം വളര്‍ച്ചയോടെ ഒമാനികള്‍ ഒന്നാമതെത്തി. തൊട്ട് താഴെ 17.5 ശതമാനത്തോടെ ഫ്രാന്‍സ്, 13.2 ചൈന, 5.2 ജര്‍മ്മനി, യുഎസ്, 3.3 റഷ്യ, ഇന്ത്യ, സൗദി അറേബ്യ, കുവൈറ്റ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികളെത്തി.ജിസിസി , മിഡില്‍ ഈസ്റ്റ്, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിന്നാണ് ഭൂരിഭാഗം വിനോദസഞ്ചാരികളും ദുബായിലേക്ക് വരുന്നത്.

പശ്ചിമ യൂറോപ്പ്, വടക്കേ അമേരിക്ക എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 23 , 7 ശതമാനം സഞ്ചാരികളെത്തുമ്പോള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നും 16 ശതമാനം സഞ്ചാരികളാണ് ദുബൈ, അബുദാബി സന്ദര്‍ശിക്കാനെത്തുന്നത്. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസത്തില്‍ അബുദാബിയിലെത്തിയ യുഎസ് ടൂറിസ്റ്റുകള്‍ എണ്ണം 13.8 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഈജിപ്തില്‍ നിന്നും 9.7 ശതമാനവും, ജോര്‍ദാനില്‍ നിന്നും 8.2 ശതമാനം, പാകിസ്ഥാനില്‍ നിന്നും 6.5 ശതമാനവും സഞ്ചാരികളാണെത്തിയത്. 2019 ന്റെ ആദ്യ പാദത്തില്‍ അബുദാബിയില്‍ നടന്ന ചില അന്താരാഷ്ട്ര പരിപാടികളാണ് വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിക്കാന്‍ കാരണം.