നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നും പുതിയ അധ്യക്ഷനെ കണ്ടെത്തിയേ തീരു; മനംമാറ്റമില്ലാതെ രാഹുല്‍

Posted on: June 26, 2019 1:25 pm | Last updated: June 27, 2019 at 1:53 pm

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് സ്ഥാനത്ത് തുടരില്ലെന്ന നിലപാടില്‍ ഉറച്ച് രാഹുല്‍ ഗാന്ധി. ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തിലാണ് രാഹുല്‍ നിലപാട് ആവര്‍ത്തിച്ചത്. രാഹുലിന് പകരക്കാരനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും ചില സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ രാഹുല്‍ സ്ഥാനത്ത് തുടരണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു. മനീഷ് തിവാരി, ശശി തരൂര്‍ എന്നിവരാണ് ഈ ആവശ്യം ഉന്നയിച്ചത്. എന്നാല്‍ തന്റ നിലപാടില്‍ മാറ്റമില്ലെന്നും എത്രയും പെട്ടന്ന് പുതിയ അധ്യക്ഷനെ കണ്ടെത്തണമെന്നും രാഹുല്‍ യോഗത്തില്‍ ആവര്‍ത്തിച്ചു.

പാര്‍ലിമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് ചര്‍ച്ച ചെയ്യുന്നതിനാണ് സോണിയാ ഗാന്ധി ഇന്ന് എം പിമാരുടെ യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ പാര്‍ലിമെന്റില്‍ സ്വീകരിക്കേണ്ട നിലപാടിലുപരി രാഹുലിന്റെ പ്രസിഡന്റ് സ്ഥാനമാണ് ചര്‍ച്ച ചെയ്യപ്പെട്ടത്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്താണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. നെഹ്‌റു കുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് പ്രസിഡന്റാകണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. പതിയ അധ്യക്ഷനെ കണ്ടെത്താന്‍ പാര്‍ട്ടിക്ക് ഒരു മാസത്തെ സമയം രാഹുല്‍ നല്‍കിയിരുന്നു. ഈ കാലാവധി ഇന്നലെ അവസനാച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ പാര്‍ലിമെന്ററി പാര്‍ട്ടി യോഗത്തില്‍ വിഷയം പ്രധാന ചര്‍ച്ചയായത്.

അതിനിടെ രാഹുല്‍ പ്രസിഡന്റ് സ്ഥാനത്ത് തുടരണമെന്ന് ആവശ്യപ്പെട്ട് യൂത്ത്‌കോണ്‍ഗ്രസ്, എന്‍ എസ് യു പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ വസതിക്ക് മുമ്പില്‍ ധര്‍ണ നടത്തി. നെഹ്‌റു കുടുംബം തന്നെ കോണ്‍ഗ്രസിനെ നയിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.