Connect with us

National

ആള്‍ക്കൂട്ട കൊലപാതകം: അധികാരികളുടെ നിശ്ബ്ദത ഞെട്ടിപ്പിക്കുന്നത്- രാഹുല്‍ ഗാന്ധി

Published

|

Last Updated

റാഞ്ചി: ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹീനമായ സംഭവത്തില്‍ അധികാരികള്‍ പുലര്‍ത്തുന്ന നിശബ്ദത തന്നെ ഞെട്ടിക്കുന്നെന്നും രാഹുല്‍ ഗാന്ധി. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രെസ് അന്‍സാരിയുടെ കൊലപാതകത്തില്‍ ട്വിറ്ററിലൂടെ പ്രതികരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.മരണാസന്നനായ യുവാവിനെ നാല് ദിവസം പോലീസ് കസ്റ്റഡിയില്‍ വച്ച നടപടി ഞെട്ടിച്ചെന്നും രാഹുല്‍ കുറിച്ചു. ബി ജെ പി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ജാര്‍ഖണ്ഡിലെ ഖര്‍സ്വാന്‍ ജില്ലയില്‍ ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ പ്രാദേശിക ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തബ്രെസ് അന്‍സാരിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ അന്‍സാരിയെ മരത്തിന്റെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നതിന്റേയും നിര്‍ബന്ധിച്ച് ജയ് ശ്രീറാം എന്നും ജയ് ഹനുമാന്‍ എന്നും വിളിപ്പിക്കുന്നതിന്റേയും ദൃശ്യങ്ങളാണ് പുറത്തുവന്നത്.

Latest