ആരോഗ്യ രംഗത്ത് കേരളം രാജ്യത്ത് നമ്പര്‍ വണ്‍: നീതി അയോഗ് റിപ്പോര്‍ട്ട്

Posted on: June 25, 2019 4:00 pm | Last updated: June 25, 2019 at 7:00 pm

ന്യൂഡല്‍ഹി: ആരോഗ്യ രംഗത്ത് രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമായി നീതി അയോഗ് വീണ്ടും കേരളത്തെ തിരഞ്ഞെടുത്തു. ബീഹാറും യോഗി ആദിത്യനാഥിന്റെ ഉത്തര്‍ പ്രദേശുമാണ് ആരോഗ്യ മേഖലയില്‍ രാജ്യത്ത് ഏറ്റവും പിന്നിലുള്ളത്. നീതി അയോഗ് ചെയര്‍മാന്‍ ഡോ. രാജീവ് കുമാറാണ് പുതിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ആരോഗ്യ രംഗത്തെ സംസ്ഥാന സര്‍ക്കാറുകളുടെ ഇടപെടലുകളും നടപ്പാക്കുന്ന പദ്ധതികളും മികച്ച ചികിത്സാ സൗകര്യങ്ങളുമെല്ലാം പരിഗണിച്ചാണ് നീതി അയോഗ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. 2016 മുതല്‍ 2018വരെയുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെയും ആരോഗ്യ രംഗത്തെ വിദ്ഗ്ദരുടെയുമെല്ലാം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. നേരത്തെയുള്ള നീതി അയോഗ് റിപ്പോര്‍ട്ടിലും കേരളമായിരുന്നു ഒന്നാമത്.

ആരോഗ്യ രംഗത്ത് മികച്ച ഇടപെടല്‍ നടത്തുന്ന ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു കാശ്മീര്‍, കര്‍ണാടക, തമിഴ്‌നാട്, തെലുങ്കാന, പശ്ചിമ ബംഗാള്‍, ഹരിയാന, ഛത്തീസ്ഗഢ്, ഝാര്‍ഖണ്ഡ്, അസം, രാജഡസ്ഥാന്‍, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഒഡീസ, ബീഹാര്‍, ഉത്തര്‍ പ്രദേശ് എന്നിങ്ങനെയാണ് റേറ്റിംഗ്.