കരിഞ്ചോല ദുരന്തം: കുടുംബത്തിന് വീട് നൽകിയെന്ന ഇ കെ വിഭാഗം വാദം പൊളിഞ്ഞു

Posted on: June 23, 2019 5:26 pm | Last updated: June 23, 2019 at 5:26 pm


താമരശ്ശേരി: കട്ടിപ്പാറ കരിഞ്ചോല ദുരന്തത്തിനിരയായി വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിർമിച്ച് നൽകിയെന്ന സമസ്ത ഇ കെ വിഭാഗത്തിന്റെ വാദം പൊളിഞ്ഞു. കരിഞ്ചോല മണ്ണിൽതൊടുക അബ്ദുൽ നാസറിനും കുടുംബത്തിനും സമസ്ത വീട് നിർമിച്ച് നൽകിയെന്നായിരുന്നു പ്രചാരണം. ഇ കെ വിഭാഗം നേതാക്കൾ നേരിട്ടെത്തിയാണ് വീടിന്റെ താക്കോൽദാനം നിർവഹിച്ചത്.

വീടിനും സ്ഥലത്തിനുമായി സർക്കാർ പത്ത് ലക്ഷം രൂപ അനുവദിച്ചതും ഇതുപ്രകാരം നാസർ വീട് പണി ആരംഭിച്ചതും അറിയാവുന്ന നാട്ടുകാർ ഇ കെ വിഭാഗത്തിന്റെ താക്കോൽദാന നാടകം കണ്ട് അമ്പരന്നിരുന്നു.

ഇതിന് പിന്നാലെയാണ് നാസറിന് സർക്കാർ പത്ത് ലക്ഷം രൂപ അനുവദിച്ചതിന്റെ രേഖകൾ പുറത്തുവന്നത്. നാസർ ഉൾപ്പെടെ ആറ് കുടുംബങ്ങളുടെ വീട് തകർന്ന സ്ഥലം വാസയോഗ്യമല്ലെന്ന് വില്ലേജ് ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിനെ തുടർന്ന് സ്ഥലം നൽകാൻ തയ്യാറായവരുമായുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജനുവരി ഒന്നിനാണ് സ്ഥലം വാങ്ങാൻ ആറ് ലക്ഷം രൂപ വീതം അനുവദിച്ചുകൊണ്ട് അന്നത്തെ തഹസിൽദാർ സി മുഹമ്മദ് റഫീഖ് ഉത്തരവിറക്കിയത്.

നാസറിന് സ്ഥലം കൈമാറിയ കാന്തപുരം കാലങ്കണ്ടി അബ്ദുസമദിന്റെ സൗത്ത് ഇന്ത്യൻ ബേങ്കിലെ അക്കൗണ്ടിലേക്ക് ആറ് ലക്ഷം രൂപ കൈമാറുകയും ചെയ്തു. വീടിന്റെ പ്രവൃത്തി ആരംഭിച്ചപ്പോൾ അബ്ദുൽ നാസറിന്റെ ഗ്രാമീൺ ബേങ്ക് അക്കൗണ്ടിലേക്ക് ആദ്യ ഗഡുവായി 1,01,900 രൂപയും, 25% പൂർത്തിയായപ്പോൾ 1,49,050 രൂപയും, 75% പൂർത്തിയായപ്പോൾ 1,49,050 രൂപയും നൽകിയതായി രേഖകൾ പറയുന്നു. സർക്കാറിന്റെ ഉറപ്പിലാണ് വീട് പണി ആരംഭിച്ചതെന്നും സർക്കാർ വാക്ക് പാലിച്ച് 10 ലക്ഷം രൂപ നൽകിയെന്നും നാസറിന്റെ ഭാര്യ നുസൈബ സ്വകാര്യ ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ നാസർ ഫൈസി കൂടത്തായി ഉൾപ്പെടെയുള്ള ഇ കെ വിഭാഗം നേതാക്കൾ ഇവരുടെ വീട്ടിലെത്തുകയും സമസ്തയാണ് വീട് നിർമിച്ച് നൽകിയതെന്ന് നുസൈബയെക്കൊണ്ട് പറയിപ്പിച്ച് ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

താൻ ചെയർമാനായ കമ്മിറ്റിയാണ് വീട് നിർമിച്ച് നൽകിയതെന്നും അതിന്റെ പിതൃത്വം സർക്കാറിനും എൽ ഡി എഫിനും നൽകാനാണ് ചിലർ ശ്രമിക്കുന്നതെന്നും നാസർ ഫൈസി വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് വീട് നിർമാണത്തിന് സർക്കാർ 10 ലക്ഷം രൂപ നൽകിയതിന്റെ രേഖകൾ പുറത്തുവന്നത്. വീട് നിർമാണത്തിന് സ്ഥലം സൗജന്യമായി നൽകിയതാണെന്ന പ്രചാരണവും ഇതോടെ പൊളിഞ്ഞു. ദുരന്തത്തിനിരയായവർക്ക് സർക്കാർ നൽകിയ സഹായം മറയാക്കി സാമൂഹ്യ സേവനം നടത്തിയെന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിനെതിരേ അണികൾക്കിടയിലും പ്രതിഷേധം വ്യാപകമാണ്.

ഭീഷണി കാരണം വീടുവിട്ടവരെ പുനരധിവസിപ്പിക്കാനായി കാരാട്ട് റസാഖ് എം എൽ എ യുടെ നേതൃത്വത്തിലുള്ള പുനരധിവാസ കമ്മിറ്റിയുമായി സഹകരിച്ച് നിരവധി സംഘടനകൾ വീട് നിർമിച്ച് നൽകുന്നുണ്ട്. റവന്യൂ വകുപ്പിന്റെ ലിസ്റ്റ് പ്രകാരമാണ് അർഹരെ കണ്ടെത്തുന്നത്. എന്നാൽ സർക്കാർ സഹായം ലഭിച്ച കുടുംബത്തിന് വീട് നിർമിച്ച് നൽകിയെന്ന് വരുത്തി തീർത്ത് സാമ്പത്തിക നേട്ടമുണ്ടാക്കാനാണ് ഇ കെ വിഭാഗം ശ്രമിച്ചതെന്നാണ് ആരോപണം.