മത്സരം ഇവർ തമ്മിലും

Posted on: June 23, 2019 12:56 pm | Last updated: June 23, 2019 at 3:08 pm

ഡി കോക്ക്- മുഹമ്മദ് ആമിർ
ഡി കോക്ക്
മുഹമ്മദ് ആമിർ

ലോകകപ്പിൽ ഇതുവരെയും തന്റെ ഫോം കണ്ടെത്താൻ കഴിയാത്ത താരമാണ് ദക്ഷിണാഫ്രിക്കയുടെ ഓപണർ ക്വിന്റൺ ഡി കോക്ക്. അതിൽ നിന്ന് കരകയറാനുള്ള അവസരമായെടുക്കാം ഡി കോക്കിന് ഈ മത്സരം. പക്ഷേ, ഡി കോക്കിന് ആദ്യ ഓവറുകളിൽ നേരിടാനുള്ളത് മുഹമ്മദ് ആമിറിനെയാണ്. ഇതുവരെ ആമിറിന്റെ 36 പന്തുകളാണ് ഡി കോക്ക് നേരിട്ടിട്ടുള്ളത്. ഇതിൽ നിന്ന് 26 റൺസെടുക്കുകയും ചെയ്തു. ഏകദിനത്തിലോ ടെസ്റ്റിലോ ആമിറിന്റെ പന്തിൽ ഔട്ടായിട്ടില്ലെന്നതാണ് ഡി കോക്കിനുള്ള അനുകൂല ഘടകം.

ഹാഷിം ആംല- ഹസൻ അലി
ഹാഷിം ആംല

ന്യൂസിലാൻഡിനെതിരായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയുടെ മറ്റൊരു ഓപണറായ ഹാഷിം ആംല ഒടുവിൽ ഫോമിലെത്തിയിട്ടുണ്ട്.

ഹസൻ അലി

ഇന്നും പാക്കിസ്ഥാനെതിരെ ആ ഫോം നിലനിർത്തണമെങ്കിൽ അദ്ദേഹത്തിനുള്ള പ്രധാന വെല്ലുവിളി പാക് പേസർ ഹസൻ അലിയായിരിക്കും. അലിയുടെ 17 പന്തുകൾ മാത്രം നേരിട്ടിട്ടുള്ള ആംലയുടെ (16 റൺസ്) വിക്കറ്റ് ഒരു തവണ പാക് ബൗളർ പിഴുതിട്ടുമുണ്ട്.

ഡു പ്ലെസ്സിസ്- വഹാബ് റിയാസ്
ഡു പ്ലെസ്സിസ്
വഹാബ് റിയാസ്

ഡുപ്ലെസ്സിസിനെതിരെ പന്തെറിയുമ്പോൾ വഹാബ് റിയാസിന് മുട്ടുവിറക്കാൻ ഇടയുണ്ട്. റിയാസ് ഇതുവരെ 36 പന്തുകൾ എറിഞ്ഞുകൊടുത്തപ്പോൾ ഡു പ്ലെസ്സിസ് അടിച്ചുകൂട്ടിയത് 63 റൺസുകൾ. സ്‌ട്രൈക്ക് റേറ്റ് 175. പക്ഷേ, പാക് ഇടം കൈയൻ പേസർക്ക് പ്രതീക്ഷയുണ്ട്. ഒരിക്കലെങ്കിലും ഡുപ്ലെസിസിന്റെ കുറ്റിതെറിപ്പിക്കാൻ റിയാസിന് കഴിഞ്ഞിരുന്നു.

ഇമാമുൽ ഹഖ്- റബാഡ
ഇമാമുൽ ഹഖ്
റബാഡ

ആസ്‌ത്രേലിയക്കെതിരെ നേടിയ 53 റൺസല്ലാതെ ഈ ടൂർണമെന്റിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ പാക് ഓപണർ ഇമാമുൽ ഹഖിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ന് ആദ്യ ഓവറുകളിൽ ഹഖിന് നേരിടാനുള്ളത് മികച്ച ഫോമിലുള്ള കാഗിസോ റബാഡയെയാണ്. ഇതിന് മുമ്പ് റബാഡയുടെ 64 പന്തുകൾ നേരിട്ടപ്പോൾ 40 റൺസ് നേടാൻ കഴിഞ്ഞിട്ടുണ്ട് ഹഖിന്. ഒരിക്കൽ റബാഡക്ക് മുന്നിൽ കീഴടങ്ങുകയും ചെയ്തിരുന്നു.

ബാബർ അസം- ഇംറാൻ താഹിർ
ബാബർ അസം
ഇംറാൻ താഹിർ

പാക് ബാറ്റിംഗ് ഇതിഹാസം ബാബർ അസം ദക്ഷിണാഫ്രിക്കൻ ബൗളർമാർക്ക് തലവേദനയാകുമെന്ന് തന്നെയാണ് കരുതുന്നത്. തരക്കേടില്ലാത്ത ഫോമിലാണ് താരം. മധ്യ ഓവറുകളിൽ പാക് സ്പിന്നർ ഇംറാൻ താഹിറായിരിക്കും ഈ വെല്ലുവിളി ഏറെ നേരിടേണ്ടിവരിക. 60 പന്തുകളിൽ 60 റൺസ് എന്നതാണ് ഇംറാൻ താഹിറിനെതിരെ ബാബർ അസമിന്റെ സമ്പാദ്യം. ഒരിക്കൽ പോലും താഹിറിന്റെ പന്തിൽ വീണുകൊടുത്തിട്ടില്ലെന്ന അനുകൂല ഘടകവും ബാബർ അസമിനുണ്ട്.